കടല്‍ക്കൊല കേസ്; അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ ഇന്ത്യയ്ക്ക് ജയം, ഇന്ത്യയുടെ നടപടികളും ശരിവെച്ചു

Published : Jul 02, 2020, 07:27 PM ISTUpdated : Jul 02, 2020, 07:41 PM IST
കടല്‍ക്കൊല കേസ്; അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ ഇന്ത്യയ്ക്ക് ജയം, ഇന്ത്യയുടെ നടപടികളും ശരിവെച്ചു

Synopsis

2012 ഫെബ്രുവരി 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലത്ത് നിന്ന് പോയ സെന്‍റ് ആന്‍റണീസ് എന്ന  ബോട്ടിന് നേരെ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്ന് രണ്ട് നാവികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.   

ദില്ലി: കടൽക്കൊല കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ ഇന്ത്യയ്ക്ക് വിജയം. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന്  ട്രൈബ്യൂണൽ വിധിച്ചു. ഇറ്റലിയൻ നാവികർക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണൽ ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രൈബ്യൂണൽ നീരീക്ഷിച്ചു

2012 ലാണ് ഇറ്റലിയൻ കപ്പലായ എൻട്രിക്കാ ലക്സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികൾ കൊല്ലപ്പെട്ടത്. കപ്പൽ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയൻ നാവികരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു. കേസ് എടുക്കാൻ കേരളാ പൊലീസിന്  അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. 

ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രൈബ്യൂണൽ യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള  അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.

മത്സ്യതൊഴിലാളികള്‍ക്ക്  ധനസഹായം നൽകണമെന്നും നാവികർക്ക് എതിരായ ക്രമിനൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചു. ഇന്ത്യ നിയമ വിരുദ്ധമായി തടങ്കലിൽ വച്ചതിന് നാവികർക്ക് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ ആവശ്യം ട്രൈബ്യൂണൽ തള്ളി.  ഈ ഉത്തരവിന് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന