
ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ കൊലപ്പെടുത്തിയ പാക് ഭീകരരുടെ കൈവശം ഇന്ത്യൻ ആധാർ കാർഡുകളടക്കം കണ്ടെത്തി. ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാർ കാർഡുകളാണ് കണ്ടെത്തിയത്. ഭീകരർ ഇത് വ്യാജമായി സംഘടിപ്പിച്ചതെന്നാണ് സംശയം. മറ്റ് സാധ്യതകളടക്കം അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും കണ്ടെത്തിയ ഫോണുകളും മറ്റ് ഉപകരണങ്ങളും പരിശോധിക്കുകയാണ്. മൂന്ന് ഫോണുകളും മറ്റും ആശയവിനിമ ഉപകരണങ്ങളിലുമാണ് പരിശോധന നടക്കുന്നത്. ഭീകരരരിൽ നിന്ന് പാക് തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് സഹായം നൽകിയവരെയടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
വിശദ വിവരങ്ങൾ
പഹൽഗാമിൽ നിരാപരാധികൾക്ക് നേരെ നിറയൊഴിച്ച മൂന്ന് ഭീകരരെയാണ് സൈന്യം ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചത്. ഇവരിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങൾ കൂടാതെയുള്ള ഉപകരണങ്ങളിലാണ് നിലവിൽ പരിശോധനടക്കുന്നത്. മൂന്ന് ഫോണുകളും ആശയവിനിമയത്തിനുള്ള രണ്ട് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ച് ഇവർ നടത്തിയ ആശയവിനിമയത്തിന്റെ വിശാംദങ്ങൾ സുരക്ഷസേന പരിശോധിക്കുകയാണ്. പാക്കിസ്ഥാനിലേക്ക് അടക്കം ആശയവിനിമയ ഉപകരണങ്ങൾ വഴി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്. ഡാറ്റ വീണ്ടെടുക്കുന്നതിനായി ഫോണുകൾ നിലവിൽ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷന്റെ പക്കലാണ്. ഇതുകൂടാതെ ഗന്ദർബാലിലെയും ശ്രീനഗറിലെയും രണ്ട് പ്രദേശവാസികളുടെ പേരിലുള്ള രണ്ട് ആധാർ കാർഡുകൾ ഭീകരരിൽ നിന്ന് ലഭിച്ചത്. ഇത് വ്യാജമായി സംഘടിപ്പിച്ചതാണെന്നാണ് നിഗമനം. പൊലീസിന്റെ ഉൾപ്പെടെ പരിശോധനയിൽ നിന്ന് തടിതപ്പാൻ ഈ കാർഡുകൾ ഇവർ ഉപയോഗിച്ചെന്നാണ് വിവരം. ഭീകരരെ പ്രാദേശികമായി സഹായിക്കുന്ന സംഘങ്ങളാണ് ഇവ നൽകിയതെന്നും സേന കരുതുന്നു. കൊല്ലപ്പെട്ട ഭീകരർ പാക് പൌരന്മാർ എന്നു തെളിയ്ക്കുന്ന പാക് തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കശ്മീർ താഴ്വര കേന്ദ്രീകരിച്ച പ്രവർത്തിച്ചിരുന്ന ഭീകരർക്ക് സഹായം നൽകിയവരെ കണ്ടെത്താനും ശ്രമം തുടരുകയാണ്.
അതേസമയം ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെയാണ് വധിച്ചതെന്ന് ലോക്സഭയിൽ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയവെയാണ് ഷാ ഇക്കാര്യം അറിയിച്ചത്. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രി വിവരിച്ചു.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷൻ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയിൽ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ഭീകരരെ അനുവദിച്ചില്ല. പഹൽഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു മുതൽ തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു. ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹൽഗാമിൽ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. പ്രസംഗത്തിനിടയിൽ വാദങ്ങളിൽ സംശയം ഉന്നയിച്ച അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു. ഭീകരരുടെ മതതത്തിന്‍റെ പേരിൽ വിഷമം വേണ്ടെന്ന് അഖിലേഷിനോട് അമിത് ഷാ പറഞ്ഞു. ഫോറൻസിക് റിപ്പോർട്ടിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങളെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഭീകരരിൽ നിന്ന് പിടിച്ച ആയുധങ്ങൾ അർദ്ധരാത്രി പ്രത്യേക വിമാനത്തിൽ ഛണ്ഡിഗഡിലെ ലാബിലെത്തി പരിശോധിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.