
ദില്ലി: ഇന്ത്യൻ വ്യോമസേന (IAF) യുടെ 93-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക വിരുന്ന് മെനുവിലും പാക്കിസ്ഥാന് ട്രോൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണങ്ങളുടെ ഓർമ്മ പുതുക്കിയ മെനു കാര്‍ഡാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പകരംവയ്ക്കാനില്ലാത്തതും, പ്രതിരോധിക്കാനാവാത്തതും കൃത്യതയുള്ളതുമായ (ഇൻഫാല്ലിബിൾ, ഇംപർവിയസ്, പ്രിസൈസ്) എന്ന വിശേഷണത്തോടെയാണ് മെനു പുറത്തിറക്കിയത്. ഓപ്പറേഷൻ സിന്ദൂറിൽ ആക്രമിച്ച് തകർത്ത പാക് വ്യോമതാവളങ്ങളുടെ പേരുകളാണ് വിഭവങ്ങൾക്കെല്ലാം നൽകിയിരിക്കുന്നത്. വ്യോമസേനയുടെ 93 വർഷത്തെ നിസ്തുലമായ സേവനത്തെ അനുസ്മരിക്കുന്ന ചടങ്ങിലാണ് ഈ രസകരമായ 'ട്രോൾ മെനു' അവതരിപ്പിച്ചത്.
മെനുവിലെ ഓരോ വിഭവവും പാകിസ്ഥാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെയും വ്യോമതാവളങ്ങളെയും അനുസ്മരിപ്പിക്കുന്നതാണ്.
പ്രധാന വിഭവങ്ങൾ കൂടാതെ, മധുരപലഹാരങ്ങളുടെ പട്ടികയിലും ശ്രദ്ധേയമായ പേരുകളാണുള്ളത്. ബാലാകോട്ട് തിറാമിസു, മുസഫറാബാദ് കുൽഫി ഫലൂദ, മുരിദ്‌കെ മീഠാ പാൻ എന്നിവയാണ് ഡെസേർട്ട് മെനുവിലെ താരങ്ങൾ. ഈ മെനുവിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. പ്രകോപനം തുടരുന്ന പാകിസ്ഥാനെ ട്രോളിയ വ്യോമസേനയെ അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സേവനം നൽകുക മാത്രമല്ല, പാകിസ്ഥാന് കൃത്യമായ ഓര്‍മപ്പെടുത്തൽ കൂടിയാണ് ഈ മെനുവെന്ന് കമന്റുകൾ പറയുന്നു.