
ശ്രീനഗർ: ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. വൈകാതെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു. ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്.
ജമ്മുവിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘം പുലർച്ചെ കാതടിപ്പിക്കുന്ന ശബ്ദം കേട്ട് എഴുന്നേൽക്കുകയായിരുന്നു. പുലർച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കി. വൈകാതെ ജമ്മുവിലാകെ സമ്പൂർണ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.
അതിനിടയിൽ രാജൗരിയിൽ വീണ്ടും പാകിസ്ഥാന്‍റെ കനത്ത ഷെല്ലാക്രമണം നടന്നു. അതിർത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണമുണ്ടായി. വിനോദ സഞ്ചാര കേന്ദ്രമാണ് പർവത പ്രദേശമായ മുറി.
അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും വിളിപ്പിച്ചു. നിലവിൽ കൂടിക്കാഴ്ച നടന്നുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു.
അതിനിടെ എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. ചർച്ചയിലൂടെ സംഘർഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. അതിർത്തി സംസ്ഥാനങ്ങളിലെ പാക് പ്രകോപനത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഹരിയാന, ബീഹാർ, ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മുകശ്മീർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam