പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം; തെരച്ചിൽ ജാ​ഗ്രതയോടെ

Published : Apr 30, 2025, 08:17 AM ISTUpdated : Apr 30, 2025, 08:37 AM IST
പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം; തെരച്ചിൽ ജാ​ഗ്രതയോടെ

Synopsis

മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് പിടിയിലായതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. ഇതു മുൻനിർത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം.

ശ്രീനഗർ: പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദേശം. പരമാവധി ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പൊലീസിനും ലഭിച്ച നിർദേശം. അനന്തനാഗിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്ന സൈന്യത്തിന്റെ നീക്കവും ഇതേ ലക്ഷ്യത്തോടെയാണ്.  ഭീകരർ പാകിസ്ഥാനിൽ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ സ്ഥാപിക്കാൻ ഇന്ത്യക്ക് ഇതിലൂടെ കഴിയും. മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് പിടിയിലായതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. ഇതു മുൻനിർത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം.

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും യുഎന്നിനോട് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അം​ഗീകരിക്കാമെന്നും പാകിസ്ഥാൻ അറിയിച്ചു. ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് വിവരം കിട്ടിയതായി ഇൻഫർമേഷൻ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു.

അതിനിടെ പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ രാഷ്ട്രീയകാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ഇന്ന് ചേരും. സഖ്യകക്ഷി നേതാക്കൾ കൂടിയുള്ള രാഷ്ട്രീയകാര്യ സമിതിയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കും. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയും ഇന്ന് യോഗം ചേർന്നേക്കും. തിരിച്ചടി എങ്ങനെ എന്ന് സേനകൾക്ക് തീരുമാനിക്കാമെന്ന് ഇന്നലെ പ്രധാനമന്ത്രി സേനാ മേധാവിമാരുടെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. 

അന്തരീക്ഷം തണുപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടു. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഉൻമൂലനം ചെയ്യുമെന്ന് എസ് ജയശങ്കർ ഗുട്ടെറസിനോട് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും സാഹചര്യം കൂടുതല്‍ വഷളാക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ഉടന്‍ നേരിട്ട് സംസാരിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് ടാമ്മി ബ്രൂസ് പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഉടൻ ശക്തമായ തിരിച്ചടി നൽകുമെന്ന സൂചനകൾക്കിടെ ജമ്മു കാശ്മീരിൽ കനത്ത ജാഗ്രത തുടരുന്നു. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. ശ്രീനഗർ, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളിലാണ് കൂടുതൽ ജാഗ്രത. ഭീകരരെ നാട്ടുകാർ കണ്ടെന്ന് പറയുന്ന അനന്ത് നാഗ് ജില്ലയിൽ ഉൾപ്പെടെ തെരച്ചിൽ തുടരുകയാണ്. 47 വിനോദ സഞ്ചാര കേന്ദ്രങ്ങങ്ങൾ ഇന്നും അടച്ചിടും.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി