
ഭോപ്പാൽ: ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിക്ക് വലിയൊരു ഊർജ്ജം പകർന്ന് പുതിയൊരു സന്തോഷവാർത്ത. മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലുള്ള കുനോ നാഷണൽ പാർക്കിൽ, ഇന്ത്യയിൽ ജനിച്ച ഒരു പെൺചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതൊരു 'ചരിത്ര നിമിഷം' ആണെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ കുറിച്ചു. 25 മാസം പ്രായമുള്ള ഗാമിനി എന്ന ഈ ചീറ്റ ഒരു വർഷത്തിലേറെയായി കാട്ടിലാണ് ജീവിക്കുന്നത്. 2022-ൽ പദ്ധതി തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യയിൽ ജനിച്ച ഒരു പെൺചീറ്റ കാട്ടിൽ പ്രസവിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. "ഇന്ത്യയുടെ ചീറ്റ സംരക്ഷണ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്," എന്ന് മന്ത്രി കുറിച്ചു.
കുനോയിലെ വനപാലകർ, വെറ്ററിനറി ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു. "പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായ അതിജീവനവും സ്വാഭാവിക പ്രജനനവും സാധ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്. ചീറ്റകൾ ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതിൻ്റെ തെളിവാണിത്. രാജ്യത്തിന് ഇതൊരു അഭിമാന നിമിഷമാണ്. ഈ സംരക്ഷണ സംരംഭത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ," മന്ത്രി കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. കുനോയിലെ ഉദ്യോഗസ്ഥരെയും മൃഗഡോക്ടർമാരെയും അദ്ദേഹം അഭിനന്ദിച്ചു. "ചീറ്റകളുടെ വംശം നിലനിർത്തുന്നതിൽ മധ്യപ്രദേശ് ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്. ഗാമിനിയുടെ പ്രസവം, ചീറ്റകളുടെ വളർച്ചയ്ക്ക് മധ്യപ്രദേശിലെ ഭൂമി പൂർണ്ണമായും അനുയോജ്യമാണെന്നതിൻ്റെ തെളിവാണ്. പ്രകൃതിയോടും വന്യജീവി സംരക്ഷണത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വിജയം കാണുന്നു," മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
1952-ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയാണ് 'പ്രൊജക്റ്റ് ചീറ്റ'. 2022 സെപ്റ്റംബർ 17-നാണ് ഈ പദ്ധതിക്ക് തുടക്കമായത്. ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റകളെ എത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പദ്ധതി കൂടിയാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam