
ബെൻഗാസി സിറ്റി: ലിബിയയിൽ ഇന്ത്യൻ ദമ്പതികളെയും മൂന്ന് വയസുകാരിയായ മകളെയും തട്ടിക്കൊണ്ടുപോയി. പോർച്ചുഗലിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെയാണ് ഗുജറാത്തിലെ മെഹ്‌സാന സ്വദേശി കിസ്മത് സിംഗ് ചാവ്ഡ, ഭാര്യ ഹീനാബെൻ, മകൾ ദേവാൻഷി എന്നിവരെ തട്ടിക്കൊണ്ടുപോയത്. 2 കോടി രൂപയാണ് ഇപ്പോൾ ഇവരെ തടവിൽ വെച്ച സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. മെഹ്സാന ഗ്രാമത്തിലെ ഇവരുടെ ബന്ധുക്കളോടാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്.
പോർച്ചുഗലിൽ താമസിക്കുന്ന കിസ്മത് സിംഗിന്റെ സഹോദരന്റെ അടുത്തേക്ക് പോകാനാണ് കുടുംബം ലിബിയയിലെത്തിയത്. നവംബർ 29-ന് അഹമ്മദാബാദിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ലിബിയയിലെ ബെൻഗാസി സിറ്റിയിലേക്കും വിമാനമാർഗമാണ് കുടുംബം എത്തിയത്. പോർച്ചുഗലിലെ ഒരു ഏജൻ്റാണ് ഇവരുടെ യാത്രയുടെ കാര്യങ്ങൾ ഏറ്റെടുത്തിരുന്നത്. എന്നാൽ ലിബിയയിൽ വെച്ച് ആയുധധാരികളായ സംഘം മൂന്ന് പേരെയും തടവിലാക്കുകയായിരുന്നു. അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ബന്ധുക്കൾ വിവരം സംസ്ഥാന സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.
ഏത് സാഹചര്യത്തിലാണ് കുടുംബം തടവിലാക്കപ്പെട്ടതെന്നോ, എവിടെ വച്ചാണ് തടവിലാക്കപ്പെട്ടതെന്നോ സംബന്ധിച്ച യാതൊരു വിവരവും ലഭ്യമായിട്ടില്ല. കുടുംബത്തെ സുരക്ഷിതമായി തടവിൽ നിന്ന് മോചിപ്പിക്കാനുള്ള വഴികൾ തേടുകയാണ് ബന്ധുക്കളും സർക്കാരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam