
ജലന്ധർ: മുൻ എംഎൽഎയായ ബിജെപി നേതാവിൻ്റെ ബന്ധുവായ 17കാരനെ കുത്തിക്കൊന്നു. പഞ്ചാബിലെ ജലന്ധറിലെ ശിവാജി നഗർ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുൻ എംഎൽഎ ബിജെപി നേതാവായ ശീതൾ അംഗുറലിന്റെ ബന്ധു വികാസ് ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് സംഘവുമായി റോഡിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വികാസിൻ്റെ നെഞ്ചിൽ മൂന്ന് തവണ കുത്തേറ്റു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി വെള്ളം ചോദിച്ച വികാസ് അധികം വൈകാതെ റോഡിൽ ബോധരഹിതനായി വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പോലീസ് ഇൻസ്പെക്ടർ യാദ്‌വീന്ദർ റാണ വ്യക്തമാക്കി. ഇയാൾ എവിടെയാണെന്ന് അറിയാൻ പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മകൻ എവിടെയെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി. കൊലപാതകത്തിന് പിന്നിലെ കാരണവും വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വികാസ് മരിച്ചത് മയക്കുമരുന്ന് സംഘത്തിൻ്റെ ആക്രമണത്തിലെന്നാണ് ശീതൾ അംഗുറൽ കുറ്റപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam