
ചിറ്റഗോങ്: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ നരേൻ ധറിനെ (38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഓഫീസിനുള്ളിലെ പഴയ വിസ സെന്റർ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഡാറ്റാ എൻട്രി റൂമിലെ ബാത്ത്റൂമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഏറെ നേരം ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നതോടെ സഹപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ചിറ്റഗോങ്ങ് മെട്രോപൊളിറ്റൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ സംശയകരമായ പാടുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് കമ്മീഷണർ ഹസൻ മുഹമ്മദ് ഷൗക്കത്ത് അലി അറിയിച്ചു. മൃതദേഹം ചിറ്റഗോങ്ങ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
നരേൻ ധറിൻ്റെ മരണം കുടുംബത്തെ അറിയിച്ചതായും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും ഹൈക്കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയ്ക്ക് ബംഗ്ലാദേശിൽ ചിറ്റഗോങ്ങ് കൂടാതെ ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലും അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസുകളുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള മരണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയവും പ്രത്യേക അന്വേഷണം നടത്തുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam