
ദില്ലി:പാകിസ്ഥാൻ മത്സ്യതൊഴിലാളികൾക്ക് വൈദ്യ സഹായം ഉറപ്പാക്കി ഇന്ത്യൻ നാവിക സേന.ഏദൻ കടലിടുക്കിലാണ് ഇന്ത്യൻ യുദ്ധകപ്പലായ ഐഎൻഎസ് ശിവാലിക്കിലെ മെഡിക്കൽ സംഘം പാക് മത്സ്യതൊഴിലാളികൾക്ക് സഹായം നല്‍കിയത്. ഇറാനിയൻ കപ്പലിലെ പാക് മത്സ്യതൊഴിലാളികൾക്ക് അടിയന്തര സഹായം വേണമെന്ന സന്ദേശം നാവിക സേനയ്ക്ക് കിട്ടുകയായിരുന്നു. അൽ ആരിഫി എന്ന ഇറാനിയൻ കപ്പലിൽ 18 പാക് മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്.
സന്ദേശം കിട്ടിയ ഉടനെ ഐഎന്‍എസ് ശിവാലിക്കിലെ മെഡിക്കല്‍ സംഘം വൈദ്യ സഹായം നല്‍കുകയായിരുന്നു. ഏദൻ കടലിടുക്കിലായിരുന്നു ഐഎന്‍എസ് ശിവാലിക്കിനെ വിന്യസിച്ചിരുന്നത്. ഇതിനാല്‍ തന്നെ പെട്ടെന്ന് വൈദ്യസഹായം നല്‍കാനായി. ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് സംഭവമെന്നും മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ആവശ്യമായ വൈദ്യസഹായം നല്‍കിയെന്നും ഇന്ത്യൻ നാവിക സേന അധികൃതര്‍ അറിയിച്ചു.