അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Aug 30, 2020, 7:46 PM IST
Highlights

ജൂണ്‍ 15ന് ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചത്.
 

ദില്ലി: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ച നടക്കുന്നതിനിടെയുള്ള ഇന്ത്യയുടെ നടപടി ചൈന എതിര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന നിര്‍ണായകമായി കരുതുന്ന ദക്ഷണി ചൈന കടലില്‍ ഇന്ത്യയുടെ യുദ്ധക്കപ്പല്‍ കണ്ടതില്‍ ചൈന അസന്തുഷ്ടി അറിയിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 2009 മുതല്‍ കൃത്രിമ ദ്വീപ് നിര്‍മ്മിച്ചും സൈന്യത്തെ വിന്യസിച്ചും ദക്ഷിണ ചൈന കടലില്‍ ചൈന അപ്രമാദിത്തത്തിന് ശ്രമിക്കുന്നുണ്ട്. 

ജൂണ്‍ 15ന് ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ദക്ഷിണ ചൈന കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ എത്തിയത് ചൈന ശക്തമായി എതിര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ നാവിക സേനയും ദക്ഷിണ ചൈന കടയില്‍ സാന്നിധ്യമുറപ്പിച്ചിരുന്നു. 

അമേരിക്കന്‍ നാവിക സേനയുമായി ഇന്ത്യന്‍ നാവിക സേന ആശയവിനിമയം നടത്തിയിരുന്നതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടക്കുന്നത് നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നേവി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മലാക്ക മേഖലയില്‍ കപ്പലുകള്‍ വിന്യസിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് ചൈനീസ് കടന്നുകയറ്റം തടയാന്‍ അന്തര്‍ സമുദ്ര വാഹിനികളെയും ഇന്ത്യ സജ്ജീകരിച്ചു. ജിബൂട്ടി മേഖലയില്‍ ചൈനീസ് കപ്പലുകളുടെ സാമീപ്യവും ഇന്ത്യ വീക്ഷിച്ചിരുന്നു. 

click me!