
ദില്ലി: ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയാണ് പതാക അനാച്ഛാദനം ചെയ്യുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന വേളയിലാണ്, സെപ്റ്റംബർ രണ്ടിന് പതാകയും അനാച്ഛാദനം ചെയ്യുന്നത്. കൊളോണിയൽ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങലിന്റെ അടയാളപ്പെടുത്തലായി, പുതിയ നാവിക പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പ്. അതേസമയം രാവിലെ 9:30 നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഐഎൻഎസ് വിക്രാന്ത് എന്ന ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുക.
നാവിക കപ്പലുകളോ, സാമഗ്രികളോ അവയുടെ ദേശീയതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പതാകയാണ് നേവൽ എൻസൈൻ. നിലവിലെ ഇന്ത്യൻ നേവൽ എൻസൈൻ ഒരു സെന്റ് ജോർജ്ജ് ക്രോസ് അടങ്ങിയ ( വെള്ള പശ്ചാത്തലത്തിൽ, ചുവന്ന കുരിശും, കുരിശിന്റെ ഒരു കോണിൽ, ദേശീയ പതാക) മാതൃകയിലാണ് ഉപയോഗിക്കുന്നത്. ഇത് ബ്രിട്ടീഷ് കൊളോണിയൽ ഓർമകളെ നിലനിർത്തുന്ന സെന്റ് ജോര്‍ജ്ജ് കുരിശിന്റെ പ്രതീകമാണ്. 1950ന് ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാക മാറ്റുന്നത്. നേരത്തെ മറ്റ് സേനകളും ഇത്തരം ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു. നാവിക സേനയിൽ മാത്രമാണ് ഇത്തരത്തിൽ ഒരു ചിഹ്നം പതാകയിൽ ഉപയോഗിക്കുന്നത്.
അതേസമയം പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പിന്റെ ഭാഗമായി തദ്ദേശീയമായി രൂപകൽപ്പനചെയ്തു നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്താണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്നത്. ഇന്ത്യൻ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പൽ രൂപകൽപ്പന ബ്യൂറോ (ഡബ്ല്യുഡിബി) രൂപകൽപ്പന ചെയ്തു ഈ കപ്പൽ തുറമുഖ-ഷിപ്പിങ്-ജലപാതാ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡാണു നിർമിച്ചത്.
അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിർമിച്ചിരിക്കുന്ന വിക്രാന്താണ് ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തിൽ ഇതുവരെ നിർമിച്ചതിൽവച്ച് ഏറ്റവും വലിയ കപ്പൽ. 1971ലെ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരാണ് ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനും നൽകിയിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും നിർമിച്ചുനൽകിയ നിരവധി തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പൽ ഉൾക്കൊള്ളുന്നു. വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെ പ്രവർത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകൾ ഇന്ത്യക്കു സ്വന്തമാകും. ഇതു രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്കു കരുത്തേകും.