
സിഡ്‌നി: ഓസ്ട്രേലിയൻ യുവതിയുടെ കൊലപാതകത്തിൽ ഇന്ത്യക്കാരനായ നഴ്സ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. ഓസ്‌ട്രേലിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ടോയ കോർഡിംഗ്ലി കൊലപാതകക്കേസിലാണ് ആറു വർഷത്തെ നിയമപോരാട്ടങ്ങൾക്കും നീണ്ട അന്വേഷണങ്ങൾക്കും ഒടുവിൽ നിർണായക വിധി വന്നിരിക്കുന്നത്. 2018-ൽ ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നഴ്‌സ് രാജ്വിന്ദർ സിംഗിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. യുവതിയുടെ വളർത്തുനായ കുരച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
ഭാര്യയുമായി വഴക്കിട്ട് രാജ്വിന്ദർ സിംഗ് ബീച്ചിലെത്തിയതായിരുന്നു. കത്തിയും കുറച്ച് പഴങ്ങളും കയ്യിൽ ഇയാൾ കയ്യിൽ കരുതിയിരുന്നു. ഈ സമയത്താണ് ക്വീൻസ്‌ലാൻഡിലെ ബീച്ചിൽ ടോയ കോർഡിംഗ്ലി തന്റെ വളർത്തു നായയുമായി നടക്കുന്നത്. നായ കുരച്ചതോടെ രാജ്വിന്ദർ സിംഗ് പ്രകോപിതനായി. ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് യുവതിയെ കുത്തിവീഴ്ത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതിന് ശേഷം മൃതദേഹം മണലിൽ കുഴിച്ചിടുകയും നായയെ സമീപത്തെ മരത്തിൽ കെട്ടിയിടുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം ഓസ്‌ട്രേലിയയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ രാജ്വിന്ദർ സിംഗിനെ, ഓസ്‌ട്രേലിയൻ അധികൃതരുടെ നിരന്തരമായ നിയമപരമായ ഇടപെടലുകൾക്കൊടുവിലാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് കൈമാറ്റം ചെയ്ത് തിരികെ രാജ്യത്ത് എത്തിച്ചത്. 2022 നവംബറിലാണ് ദില്ലിയിൽ വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ൽ ഓസ്ട്രേലിയക്ക് കൈമാറി. 2024 ൽ വിചാരണ നടപടികൾ ആരംഭിച്ചു.