
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ ഒരു കാർ ഡ്രൈവർ തിങ്കളാഴ്ച ഹെൽമെറ്റ് ധരിച്ച് കാർ ഓടിക്കുന്ന ദൃശ്യം വൈറലാകുന്നു. ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പൊലീസ് നേരത്തെ തനിക്ക് പിഴ ചുമത്തിയതിലുള്ള പ്രതിഷേധവും, ഇനി പിഴ ഒഴിവാക്കാനുള്ള മുൻകരുതലെന്ന നിലയിലുമാണ് ഈ വിചിത്ര നടപടിയെന്ന് ഇദ്ദേഹം പറയുന്നു. പ്രൊഫഷണൽ അധ്യാപകനായ ഗുൽഷൻ ആണ് ഈ ഡ്രൈവർ. നവംബർ 26ന് കാറോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ല എന്ന പേരിൽ പൊലീസ് തനിക്ക് 1,100 രൂപ പിഴ ചുമത്തിയതായി പുറത്തുവന്ന വീഡിയോയിൽ ഗുൽഷൻ പറയുന്നു.
'ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു, പക്ഷേ ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പൊലീസ് എനിക്ക് പിഴ ചുമത്തി' അദ്ദേഹം പറഞ്ഞു. നിയമം അനുസരിക്കുന്ന ഒരു പൗരനാണ് താനെന്നും, പിഴ ചുമത്തിയതിന് ശേഷം ഹെൽമെറ്റ് ധരിച്ചാണ് ഇപ്പോൾ കാർ ഓടിക്കുന്നതെന്നും ഗുൽഷൻ വ്യക്തമാക്കി. ഭാവിയിൽ ചലാൻ ഒഴിവാക്കാൻ താൻ ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോട്ടോർ വാഹന നിയമം അനുസരിച്ച്, ഇരുചക്രവാഹന യാത്രക്കാർക്കാണ് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. കാറുകൾക്ക് സീറ്റ് ബെൽറ്റ് ആണ് നിർബന്ധം. എന്നാൽ ഉത്തർപ്രദേശിൽ കാർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതിന്‍റെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.