അറ്റക്കുറ്റപ്പണിക്ക് ശേഷം പണം നൽകാതെ മുങ്ങി; ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചിയില്‍ കസ്റ്റഡിയിൽ

By Web TeamFirst Published Feb 8, 2020, 5:06 PM IST
Highlights

നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം കുറച്ച് തുക മാത്രം കപ്പൽ ശാലയ്ക്ക് നൽകിയ കമ്പനി ബാക്കി തുക നൽകാതെ മുങ്ങുകയായിരുന്നു. 78.8 ലക്ഷം രൂപയാണ് ഇനി അറ്റകുറ്റപ്പണി നടത്തിയതിലൂടെ കപ്പൽശാലയ്ക്ക് കിട്ടാനുള്ളത്. 

കൊച്ചി: കൊളംബോ കപ്പൽ ശാലയിൽ അറ്റക്കുറ്റപ്പണി നടത്തി പണം നൽകാതെ മുങ്ങിയ ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചി തുറമുഖത്ത് കസ്റ്റഡിയിൽ. കപ്പൽ ശാല നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കോസ്റ്റൽ പൊലീസ് കപ്പൽ കസ്റ്റഡിയിലെടുത്തത്. മുംബൈ ആസ്ഥാനമായ മെർക്കേറ്റർ എന്ന കമ്പനിയുടെ കപ്പലായ എം ടി ഹസ്ന പ്രേം ആണ് കസ്റ്റഡിയിലുള്ളത്. 

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കേറ്റർ എന്ന കമ്പനി അയർലാണ്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത കപ്പലാണ് എം ടി ഹസ്ന പ്രേം. കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യൻ കമ്പനിയുടെ എണ്ണക്കപ്പലായി സർവ്വീസ് നടത്തുന്ന എം ടി ഹസ്ന പ്രേം കഴിഞ്ഞ വർഷം മേയിലാണ് അറ്റകുറ്റപ്പണിയ്ക്കായി കൊളംബോയിലെ കപ്പൽ ശാലയിലെത്തിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം കുറച്ച് തുക മാത്രം കപ്പൽ ശാലയ്ക്ക് നൽകിയ കമ്പനി ബാക്കി തുക നൽകാതെ മുങ്ങുകയായിരുന്നു. 78.8 ലക്ഷം രൂപയാണ് ഇനി അറ്റകുറ്റപ്പണി നടത്തിയതിലൂടെ കപ്പൽശാലയ്ക്ക് കിട്ടാനുള്ളത്. 

നിരവധി വട്ടം കപ്പൽ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പണമടക്കാൻ അധികൃതർ തയ്യാറായില്ല. ഇതേ തുടന്നാണ കപ്പൽശാല അധികൃതർ കേരള ഹൈക്കോടതിയെ സമീപിച്ചത്. ഇരുഭാഗത്തിന്‍റെയും വാദങ്ങൾ കേട്ട കോടതി അടിയന്തരമായി കപ്പലിനെ അറസ്റ്റ് ചെയ്യാനും തുക ഇവരിൽ നിന്ന് ഈടാക്കി കോടതിയിൽ കെട്ടിവെക്കാനും നിർദേശിക്കുകയായിരുന്നു. കപ്പൽ കസ്റ്റഡിയിലെടുക്കാൻ മറൈൻ മർക്കന്‍റെൽ ഡിപ്പാർട്ട്മെന്‍റിന്‍റെയും കോസ്റ്റ് ഗാർഡിന്‍റെയും സഹായം കേരള കോസ്റ്റൽ പൊലീസിന് തേടാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ കൊച്ചി തുറമുഖത്തേക്ക് വരികയായിരുന്ന എം ടി ഹസ്ന പ്രേം, കോസ്റ്റ് ഗാർഡിന്‍റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. 

വൈകാതെ കപ്പലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ കപ്പൽ ഉടമ രണ്ടാം പ്രതിയും, കപ്പലിന്‍റെ മാസ്റ്റർ മൂന്നാം പ്രതിയുമാണ്. ഫോർട്ട്കൊച്ചിയിൽ നിന്ന് പതിമൂന്ന് നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്. കപ്പൽ അധികൃതർ പണം ഹൈക്കോടതിയിൽ കെട്ടിവെച്ചാൽ തുടർന്ന് സർവീസ് നടത്താൻ കപ്പലിനെ അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

click me!