
ദില്ലി: പുതുവർഷത്തിൽ വമ്പൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ബുള്ളറ്റ് ട്രെയിൻ മുതൽ പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിൻ വരെ നീണ്ടുനിൽക്കുന്ന പദ്ധതികൾ അണിയറയിൽ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനിടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ട്രാക്കിലെത്തുകയാണ്. ചുരുക്കിപ്പറഞ്ഞാൽ 2026ൽ കുതിച്ചുപായാൻ തന്നെയാണ് റെയിൽവേയുടെ തീരുമാനം.
ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ റീച്ച് പരീക്ഷണ ഓട്ടം ഈ വര്‍ഷം നടക്കും. മുംബൈ - അഹമ്മദാബാദ് പാതയിൽ 320 കി.മീറ്ററാണ് വേഗം. ഈ പാതയ്ക്ക് 508 കി.മീ ദൈര്‍ഘ്യമുണ്ട്. ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രധാന മേഖലകളിൽ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള സാധ്യതാ പഠനവും കേന്ദ്രം ഉടൻ നടത്തുമെന്നാണ് സൂചന. അതേസമയം, രാജ്യവ്യാപകമായി വൻ സ്വീകാര്യത നേടിയ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ വിഭാഗം ഈ വര്‍ഷം ആദ്യം തന്നെ ഓടും. ദില്ലി - മുംബൈ പാതയിലെ കോട്ട ഡിവിഷണിൽ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ എത്തുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ വരവിനായി രാജ്യം കാത്തിരിക്കുകയാണ്. വൈകാതെ തന്നെ ഇവ കേരളത്തിലും ലഭ്യമാകുമെന്നാണ് വിവരം.
വേഗതയ്ക്കൊപ്പം ഇന്ത്യയുടെ ഗ്രീൻ എനർജി സ്വപ്നങ്ങൾക്കും ചിറക് നൽകുകയാണ് ഇന്ത്യൻ റെയിൽവേ. പ്രഖ്യാപനങ്ങൾ വെറും പേപ്പറുകളിൽ ഒതുങ്ങുന്നതല്ലെന്ന് ഒരിക്കൽ കൂടി ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് പരിസ്ഥിതി സൗഹൃദ ഗതാഗത ചരിത്രത്തിൽ നിർണായക നാഴികക്കല്ല് പിന്നിടാൻ റെയിൽവേ തയ്യാറായി കഴിഞ്ഞു. പറഞ്ഞുവരുന്നത് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിനിന്റെ വരവിനെ പറ്റിയാണ്.
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ യാഥാർത്ഥ്യമാകുകയാണ്. ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിൽ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് പരീക്ഷണ ഓട്ടം ആരംഭിക്കും. പരീക്ഷണ ഓട്ടം പൂർത്തിയായിക്കഴിഞ്ഞാൽ ഇന്ത്യൻ റെയിൽവേയും, ആർഡിഎസ്‌ഒയും സ്പാനിഷ് പങ്കാളികളായ ഗ്രീൻ എച്ച് കമ്പനിയും കേന്ദ്രസർക്കാരിന് സംയുക്ത റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമാകും തുടർ പ്രഖ്യാപനങ്ങളുണ്ടാകുക.
ട്രെയിനിന് മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ആകെ 10 കോച്ചുകൾ, 2,500 യാത്രക്കാർക്ക് സഞ്ചരിക്കാം. ഏറ്റവും പുതിയ ഇലക്ട്രോകെമിക്കൽ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. 9 കിലോഗ്രാം വെള്ളം ഉപയോഗിച്ച് 900 ഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കും. ഇതുപയോഗിച്ച് ട്രെയിനിന് ഒരു കിലോമീറ്റർ സഞ്ചരിക്കാം. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിൻ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം തന്നെ ഹൈഡ്രജൻ ട്രെയിനുകൾ ട്രാക്കിലെത്തിക്കാനാണ് റെയിൽവേയുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam