ട്രെയിൻ ടിക്കറ്റ് കൺഫേമാകാൻ സാധ്യത കൂടും, ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ്! പുത്തൻ സിസ്റ്റവുമായി റെയിൽവേ

Published : Mar 18, 2026, 02:37 PM IST
ട്രെയിൻ ടിക്കറ്റ് കൺഫേമാകാൻ സാധ്യത കൂടും, ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ്! പുത്തൻ സിസ്റ്റവുമായി റെയിൽവേ

Synopsis

ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകും. 'സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം' എന്ന പുതിയ സംവിധാനം ജൂണിൽ നിലവിൽ വരും. 

ദില്ലി: ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താൽ പോലും പല റൂട്ടുകളിലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി 'സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം' അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോഴും തിരക്കേറിയ സമയങ്ങളിൽ സാധാരണ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ അവസാനമാകും. വേഗത കുറഞ്ഞ ബുക്കിംഗ് സിസ്റ്റം കാരണം പലർക്കും കൺഫേം ടിക്കറ്റുകൾ കിട്ടാറില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.

യാത്രക്കാരുടെ ബുക്കിംഗ് സംവിധാനം നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത് ജൂൺ മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതോടെ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിലവിൽ മിനിറ്റിൽ 32,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന സ്ഥാനത്ത് ഒന്നര ലക്ഷം ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനാകും.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നവീകരിക്കുന്നത്. ഇത് ടിക്കറ്റ് ബുക്കിംഗ് ശേഷി അഞ്ചിരട്ടിയായി വർദ്ധിപ്പിക്കും. ടിക്കറ്റ്, ട്രെയിൻ സംബന്ധമായ അന്വേഷണങ്ങൾക്കുള്ള ശേഷിയും ഇതോടെ കൂടും. നിലവിൽ മിനിറ്റിൽ നാല് ലക്ഷം അന്വേഷണങ്ങൾ കൈകാര്യം ചെയ്യാൻ സിസ്റ്റത്തിന് കഴിയും. പുതിയ സംവിധാനം വരുന്നതോടെ ഇത് ഇനിയും വർധിക്കും. കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്റർ ആണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജോലികൾ അവസാന ഘട്ടത്തിലാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

പുതിയ പിആർഎസ് സംവിധാനത്തിന് ശേഷി കൂടുന്നതോടെ തിരക്കേറിയ സമയങ്ങളിലെ ടിക്കറ്റ് ബുക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകും. വേഗത കുറയുക, സെർവർ ഡൗൺ ആകുക, പെയ്മെന്റ് പരാജയപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ഇത് കൺഫേം ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പുതിയ സംവിധാനം ബഹുഭാഷാ സൗകര്യത്തോടെയാകും വരുന്നത്. കൂടാതെ, നിരക്ക് കലണ്ടർ, സീറ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ തുടങ്ങിയ പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തും. സുരക്ഷയും കൂടുതൽ ശക്തമാക്കും. ലഭ്യമായ കണക്കുകൾ പ്രകാരം, ആകെ റിസർവ് ചെയ്യുന്ന ടിക്കറ്റുകളിൽ ഏകദേശം 89 ശതമാനവും ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്. വെറും 11 ശതമാനം ടിക്കറ്റുകൾ മാത്രമാണ് റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് ആളുകൾ വാങ്ങുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാന യാത്രയിൽ വലിയ മാറ്റങ്ങൾ, ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; അധിക ചിലവുകൾ കുറയും, പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ
'കെസിയെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ പ്രതികരണമുണ്ടായിരുന്നില്ല'; ബിജെപി ഓഫറിൽ 30 വർഷത്തെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് എംപി