
ദില്ലി: പാകിസ്ഥാൻ ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (പിഐഒ) എത്തിച്ചു നൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്റ്റിൽ. ദില്ലി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 34 വയസുകാരനായ കാസിം എന്ന പ്രതി 2024 ഓഗസ്റ്റിലും 2025 മാർച്ചിലും രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
പാകിസ്ഥാൻ സന്ദർശിച്ച സമയത്ത് പാകിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി ഇയാൾ കൂടിക്കാഴ്ച്ച നടത്തിയതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിലവിൽ ഇയാൾ റിമാന്റിലാണ്. ഇന്ത്യൻ സൈന്യത്തെയും സർക്കാർ സ്ഥാപനങ്ങളെയും കുറിച്ചുള്ള വളരെ സെൻസിറ്റീവായ വിവരങ്ങൾ ശേഖരിക്കുന്നതിനായി പിഐഒകൾ ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സ്പെഷ്യൽ സെല്ലിന് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നു. ഈ മൊബൈൽ സിം കാർഡുകൾ ഇന്ത്യയിൽ നിന്ന് വാങ്ങിയതാണ്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തോടെ മാത്രമേ അതിർത്തിക്കപ്പുറത്തേക്ക് കടത്താനുമാകൂയെന്നും പൊലീസ് പറഞ്ഞു.
ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചപ്പോഴാണ് കാസിമിലേക്ക് പൊലീസ് എത്തിയത്. കൂടുതൽ അന്വേഷണത്തിൽ കാസിം ഇടക്കിടെ പാകിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്നുള്ള വിവരം നിർണായകമായി. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam