
ചെന്നൈ: യുക്രൈൻ സൈന്യത്തിൽ (Ukraine army) ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹം അറിയിച്ചു. റഷ്യക്കെതിരായ യുദ്ധമുഖത്ത് യുക്രൈൻ സേനയ്ക്കൊപ്പം(Ukraine Crisis ) ചേർന്നതായി വിവരം കിട്ടിയ തമിഴ്നാട് കോയമ്പത്തൂർ ഗൗണ്ടം പാളയംസ്വദേശി സായി നികേഷാണ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചത്.
ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. വിദേശ പൗരൻമാർ ഉൾപ്പെടുന്ന ഇന്‍റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ സായിനികേഷ് ചേർന്നുവെന്നായിരുന്നു വിവരം. കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല.
വാർ വീഡിയോ ഗെയിമുകളിൽ അതീവ തൽപ്പരനായ സായി നികേഷ് ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോൾ തന്നെ യുക്രൈൻ സൈന്യത്തിൽ ചേരുമെന്ന് അമ്മയെ അറിയിച്ചിരുന്നു. പിന്നീട് ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം സായി നികേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. യുദ്ധമുഖത്ത് നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്.അഞ്ച് വര്‍ഷത്തെ കോഴ്സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. സായി യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന വിവരം പുറത്തായതോടെ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സായി നികേഷിന്‍റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തിയിരുന്നു.
യുക്രൈനില്‍ അരലക്ഷത്തിലേറെ സിവിലിയന്മാര്‍ യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ സൈന്യത്തില്‍ ചേര്‍ന്നുവെന്നാണ് വിവരം. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ 18 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാം എന്ന ഉത്തരവ് യുക്രൈന്‍ പ്രസിഡന്‍റ് ഇറക്കിയിരുന്നു. ഇതിന് പുറമേ പൊതുജനത്തിന് ആയുധങ്ങളുടെ വിതരണവും യുക്രൈന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam