
ഭോപ്പാല്‍: തായ്‍ലന്‍ഡിലുണ്ടായ കാറപകടത്തില്‍ മധ്യപ്രദേശ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മരിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി പോയ പ്രജ്‍ഞ പലിവാളാണ് (29) അപകടത്തില്‍ മരണമടഞ്ഞത്. യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ വീട്ടുകാര്‍ക്ക് പാസ്പോര്‍ട്ടില്ലാത്തതിനാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി സര്‍ക്കാരിന്‍റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.
ബെഗളൂരുവിലെ മുറിയില്‍ പ്രജ്ഞയുടെ കൂടെ താമസിക്കുന്ന സുഹൃത്താണ് അപകടവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലക്കാരായ കുടുംബം എംഎല്‍എ അലോക് ചതുര്‍വേദിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി കമല്‍നാഥിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രജ്ഞയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെന്നും തടസ്സങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ആവശ്യമെങ്കില്‍ വീട്ടുകാര്‍ക്ക് തായ്‍ലന്‍ഡിലെത്തി മൃതദേഹം ഏറ്റുവാങ്ങാനുള്ള സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ഇതിനായി കുടുംബാംഗങ്ങള്‍ക്ക് പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam