കൊവിഡ് ഭീതി; പണക്കാര്‍ സ്വകാര്യ ജെറ്റുകളില്‍ രാജ്യം വിടുന്നു

By Web TeamFirst Published Apr 27, 2021, 5:34 PM IST
Highlights

ഹോസ്പിറ്റല്‍ കിടക്കകള്‍, ഓക്സിജന്‍ തുടങ്ങിയവയുടെ ക്ഷാമം നേരിടുന്നുവെന്ന നിരന്തരമായ സോഷ്യല്‍ മീഡിയ, മാധ്യമ വാര്‍‍ത്തകളാണ് കയ്യില്‍ ഒരു ഫ്ലൈറ്റ് സ്വന്തമായി ബുക്ക് ചെയ്യാന്‍ കാശുള്ളവര്‍ക്ക് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് പറക്കാന്‍ പ്രേരണയാകുന്നത്

ദില്ലി: ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സ്വകാര്യ ജെറ്റുകളില്‍ രാജ്യം വിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അതി സമ്പന്നര്‍ മാത്രമല്ല, പ്രൈവറ്റ് ജെറ്റിന്‍റെ തുക വഹിക്കാന്‍ സാധിക്കുന്നവര്‍ പലരും ഈ വഴിതേടിയെന്നാണ് ബ്ലുംബെര്‍ഗ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഹോസ്പിറ്റല്‍ കിടക്കകള്‍, ഓക്സിജന്‍ തുടങ്ങിയവയുടെ ക്ഷാമം നേരിടുന്നുവെന്ന നിരന്തരമായ സോഷ്യല്‍ മീഡിയ, മാധ്യമ വാര്‍‍ത്തകളാണ് കയ്യില്‍ ഒരു ഫ്ലൈറ്റ് സ്വന്തമായി ബുക്ക് ചെയ്യാന്‍ കാശുള്ളവര്‍ക്ക് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് പറക്കാന്‍ പ്രേരണയാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ദില്ലി ആസ്ഥാനമാക്കിയുള്ള പ്രൈവറ്റ് വിമാന കമ്പനി ക്ലബ് വണ്‍ എയറിന്‍റെ സിഇഒ രാജന്‍ മെഹ്റ പറയുന്നത് പ്രകാരം- സ്വന്തമായി ഒരു സ്വകാര്യ വിമാനം വാടകയ്ക്ക് എടുക്കാന്‍ സാധിക്കുന്നവരെല്ലാം ഇത്തരം ഒരു സാധ്യത തേടുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുണ്ട്. അവയെല്ലാം പാലിച്ച് അതിന് വരുന്ന അധിക ചിലവും ഇത്തരക്കാര്‍ വഹിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

കാനഡ, ഹോങ്കോങ്ങ്, യുഎഇ, യുകെ തുടങ്ങിയവിടങ്ങളില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യാത്രവിലക്ക് അടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു. എന്നാല്‍ ഈ നിബന്ധനകള്‍ നിലവില്‍ വരുന്നതിന് മുന്‍പ് വലിയ തോതിലുള്ള തിരക്കാണ് പ്രൈവറ്റ് ജെറ്റ് ട്രാഫിക്കില്‍ ഉണ്ടായത് എന്നാണ് ക്ലബ് വണ്‍ എയറിന്‍റെ സിഇഒ രാജന്‍ മെഹ്റ പറയുന്നത്. ബോളിവുഡ് താരങ്ങളുടെ അടക്കം ഇപ്പോഴത്തെ പ്രധാന അവധിക്കാല സ്ഥലമായ മാലിദ്വീപിലേക്ക് വലിയതോതില്‍ സ്വകാര്യ വിമാനങ്ങള്‍ പോയിട്ടുണ്ടെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.

ദുബായിലേക്ക് ഇത്തരത്തില്‍ ഒരു സ്വകാര്യ വിമാനം ദില്ലിയില്‍ നിന്നും പറക്കണമെങ്കില്‍ ചില 15 ലക്ഷം രൂപയാണ്. ഇത് ഒരു ഭാഗത്തേക്കുള്ള ചാര്‍ജാണ്. ഇത്തരം വിമാനങ്ങള്‍ ആളുകള്‍ ഇല്ലാതെ തിരിച്ചുവരണം എന്നതിനാല്‍ അതിനുള്ള ചിലവും വഹിക്കേണ്ടിവരും. കഴിഞ്ഞ ലോക്ക്ഡൌണ്‍ കാലത്ത് മെഡിക്കല്‍ എമര്‍ജന്‍സി എന്ന പേര് പറഞ്ഞ് പല പണക്കാരും ഇത്തരം സര്‍വീസുകള്‍ ഉപയോഗിച്ച് രാജ്യം വിട്ടിരുന്നു എന്നാണ് ദി പ്രിന്‍റിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. 

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!