ദീപാവലിയോടെ കൊവിഡ് നിയന്ത്രണവിധേയമാകും, വാക്‌സിന്‍ വര്‍ഷാവസാനം: ഡോ. ഹര്‍ഷ വര്‍ധന്‍

By Web TeamFirst Published Aug 31, 2020, 8:58 AM IST
Highlights

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഹര്‍ഷ വര്‍ധന്‍

ദില്ലി: ഈ വര്‍ഷം ദീപാവലിയോടെ രാജ്യത്തെ കൊവിഡ് 19 വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. കൊവിഡ് പ്രതിരോധത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഹര്‍ഷ വര്‍ധന്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. 

'ദീപാവലിയോടെ കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ കഴിയും. മഹാമാരിക്കെതിരെ കൊവിഡ് മുന്നണിപ്പോരാളികളും പൊതുജനങ്ങളും ശക്തമായി പൊരുതുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച സമിതി ഇതിനകം 22 തവണ യോഗം ചേര്‍ന്നു. കൊവിഡ് പരിശോധനക്കായി ഒരു ലാബുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 1,583 ആണ്. ഇവയില്‍ ആയിരത്തിലധികം ലാബുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയാണ്. ദിനംപ്രതി 10 ലക്ഷത്തോളം കൊവിഡ് ടെസ്റ്റുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. 

പിപിഇ കിറ്റ്, വെന്‍റിലേറ്ററുകള്‍, എന്‍95 മാസ്‌ക് എന്നിവയുടെ ക്ഷാമം നിലവില്‍ രാജ്യത്തില്ല. ദിവസവും അഞ്ച് ലക്ഷം പിപിഇ കിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്നു. 10 കമ്പനികള്‍ എന്‍95 മാസ്‌കും 25 കമ്പനികള്‍ വെന്‍റിലേറ്ററുകളും നിര്‍മിക്കുന്നുണ്ട്'. 

വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു

'ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്‌സിന്‍ തയ്യാറാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീഷണം കൊണ്ടാണ് നാം ലക്ഷ്യത്തിലേക്കെത്തുന്നത്' എന്നും ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് വാക്‌‌സിനുകളുടെ മൂന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളും നാല് പ്രീ ക്ലിനിക്കല്‍ പരീക്ഷങ്ങളുമാണ് പുരോഗമിക്കുന്നത്. ഇതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടിരിക്കുന്നു എന്നാണ് വേള്‍ഡോമീറ്ററിന്‍റെ കണക്ക്. 

click me!