
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്ക്. വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നും പ്രതിദിന വർധന തൊണ്ണൂറായിരം കടക്കും. വേള്‍ഡോ മീറ്ററിന്‍റെ കണക്കുപ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,657,379ത്തിലെത്തി. പുതുതായി ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കണക്കുകളുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ.
രാജ്യത്തെ ആകെ രോഗികളില്‍ 48 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ കാല്‍ ലക്ഷത്തിനടുത്ത് രോഗികളുണ്ടായതോടെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. ആന്ധ്രയില്‍ 9,999 പേരും കര്‍ണാടകത്തിൽ 9,464, പേരും 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരാണ്.
കേരളത്തില്‍ ഒരു ലക്ഷം രോഗികള്‍
കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 2988 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ 14 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 1326 പേര്‍ കൂടി രോഗമുക്തി നേടി. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്‌ച രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യം അണ്‍ലോക്ക്ഡൗണുമായി മുന്നോട്ടുപോവുകയാണ്. ദില്ലിയില്‍ മെട്രോ സര്‍വ്വീസ് സാധാരണ നിലയില്‍ പുനഃസ്ഥാപിച്ചു. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നു വരെ മെട്രോ സര്‍വ്വീസ് നടത്തും.
എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. പനിയുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ട്രെയിനിനുള്ളിലും സ്റ്റേഷനുകളിലും സാമൂഹിക അകലം പാലിക്കണം. ഒന്നിടവിട്ടുള്ള സീറ്റുകളില്‍ മാത്രമേ ഇരിക്കാന്‍ അനുമതിയുള്ളൂ, ടോക്കണ്‍ നല്‍കില്ല. പകരം സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സ്റ്റോപ്പില്ല. യാത്രക്കാർ ചെറിയകുപ്പി സാനിറ്റൈസർ കരുതണമെന്നും പരമാവധി ബാഗുകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam