ദില്ലി: അവുൽ പകീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയരായ ഇന്ത്യൻ പ്രസിഡന്റുമാരിൽ ഒരാൾ. വിനയം, ദയ, ദീർഘദർശിത്വം - ഇവ മൂന്നിന്റേയും ആൾരൂപമായിരുന്നു അബ്ദുൽ കലാം. 1931 ഒക്ടോബർ പതിനഞ്ചിന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് കലാമിന്‍റെ ജനനം. വീടുവീടാന്തരം കയറിയിറങ്ങി പത്രങ്ങൾ വിതരണം ചെയ്തു കഴിച്ചുകൂട്ടിയ ബാല്യത്തിന് ശേഷം ഫിസിക്സിൽ ബിരുദം നേടിയ ശേഷം എയ്‌റോ സ്പേസ് എഞ്ചിനീയറിങ്ങിൽ ഉപരി പഠനം പൂര്‍ത്തിയാക്കി കലാം.
പൈലറ്റാവാനുള്ള ആഗ്രഹം സാധിക്കാതെ വന്നപ്പോൾ ഡിആർഡിഒയിൽ ചേർന്ന് വിമാനങ്ങളുടെയും മിസൈലുകളുടെയും നിർമാണത്തിൽ ഗവേഷണം ആരംഭിച്ചു. ശേഷം ഇന്കോസ്പാറിൽ വിക്രം സാരാഭായിയുടെ കീഴിൽ ബഹിരാകാശ ദൗത്യങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. 1969 ലാണ് കലാം ഐഎസ്ആർഒയിലേക്ക് എത്തുന്നത്. ഇന്ത്യ അന്താരാഷ്ട്ര സ്‌പേസ് ക്ലബ്ബിലേക്ക് എത്തുന്നത് അബ്ദുൽ കലാം അമരത്തിരിക്കുന്ന കാലത്താണ്. 1979 -ൽ ഉപഗ്രഹങ്ങളുമായി ആദ്യം പറന്നുയർന്ന റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു എങ്കിലും, പ്രതീക്ഷ കൈവിടാതെ തുടർന്ന ശ്രമങ്ങൾ എസ്ൽവി ത്രീയുടെ വിജയത്തിൽ കലാശിച്ചു.
തുടർന്ന് ASLV,PSLV,GSLV എന്നിങ്ങനെ നിരവധി വിജയകരമായ വിക്ഷേപണങ്ങൾ. പിന്നീടങ്ങോട്ട് ഇന്ത്യയുടെ മിസൈൽ പദ്ധതിയുടെ അമരക്കാരനായി അഗ്നി, പ്രിത്വി തുടങ്ങിയ റോക്കറ്റുകൾ വികസിപ്പിച്ചെടുത്ത് റോക്കറ്റ് മാൻ ഓഫ് ഇന്ത്യ എന്ന് പുകൾ നേടി. 1990 -ൽ പദ്മവിഭൂഷൺ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. തൊണ്ണൂറുകളിൽ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ശാസ്ത്ര ഉപദേഷ്ടാവായ അദ്ദേഹമാണ് പൊഖ്‌റാനിലെ ഇന്ത്യയുടെ ആണവപരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 97 -ൽ ഭാരത രത്നം നൽകി രാജ്യം വീണ്ടും ആദരിച്ചു. 2002 -ൽ എൻഡിഎ രാഷ്‌ട്രപതി സ്ഥാനത്തേക്ക് കലാമിന്റെ പേര് നിർദേശിക്കുന്നു.
ഭരിച്ച കാലമത്രയും റായ്സേനയിൽ ഒതുങ്ങി നിൽക്കാതെ, രാജ്യത്തിൻറെ ഓരോ കോണിലേക്കും അദ്ദേഹം സഞ്ചരിച്ചെത്തിയ കലാം ഏറെ ജനകീയനായി. 2007 -ൽ വീണ്ടും ഒരൂഴത്തിനുകൂടി പരിഗണിക്കപ്പെട്ടു എങ്കിലും, തർക്കത്തിനൊടുവിൽ കലാമിന്റെ പിന്മടക്കം. ശിഷ്ടകാലം, പുസ്തകരചനയിലും അധ്യാപനത്തിലും മുഴുകിയ ജീവിതം നയിച്ചു. ഒടുവിൽ 2015 ജൂലൈ ഇരുപത്തിയേഴിന് ഐഐഎം ഷില്ലോങ്ങിൽ പ്രഭാഷണത്തിനിടെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം ആ സൗമ്യശീലനെ തേടിയെത്തി. അറിവ് അഹന്തയായി മാറാതിരുന്ന ലാളിത്യത്തിന്റെ തെളിവുറ്റ മുഖമെന്ന നിലയില്‍ മാത്രമാണ് രാഷ്ട്രത്തിന് അബ്ദുള്‍ കലാമിനെ ഓര്‍ക്കാനാവുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam