
ചുവന്ന ഇടനാഴിയിലെ മാവോയിസ്റ്റ് ഭൂമികയിൽ നൂറിലേറെ ജവാന്മാരെ ഇല്ലാതാക്കിയ മാദ്വി ഹിദ്മയ്ക്ക് ചോരയിൽ കുതിർന്ന അന്ത്യം. കുപ്രസിദ്ധ മാവോയിസ്റ്റ് കമാണ്ടർ മാദ്വി ഹിദ്മയെ ഏറ്റുമുട്ടലിൽ വധിച്ചിരിക്കുകയാണ് സുരക്ഷാസേന. ആന്ധ്രയിൽ നടന്ന ഏറ്റുമുട്ടലിൽ ഹിദ്മയുടെ ഭാര്യ രാജാക്ക അടക്കം 6 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായ മാദ്വിയുടെ അന്ത്യം, കേന്ദ്രത്തിന്‍റെ മാവോയിസ്റ്റ് വേട്ടയിലെ നിർണായക വഴിത്തിരിവാണ്.
ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളുടെ ഏറ്റവും പ്രഹരശേഷിയുള്ള പിഎൽജിഎ ഒന്നാം ബറ്റാലിയന്റെ ഉന്നത കമാന്ററാണ്. നാല് തലങ്ങളിലുള്ള സുരക്ഷാ വലയത്തിനുള്ളിൽ 43കാരനായ ഹിദ്മ ഇത്രയും നാൾ സുരക്ഷിതനായിരുന്നു. അടുത്തിടെ കീഴടങ്ങിയ വിശ്വസ്ത അനുയായിൽ നിന്ന് ലഭിച്ച കൃത്യമായ വിവരങ്ങൾ പിന്തുടർന്നെത്തിയ ഓപ്പറേഷനിൽ ഹിദ്മയുടെ രണ്ടാം ഭാര്യ രാജെ എന്ന രാജാക്കയും കൊല്ലപ്പെട്ടു. 90കളിൽ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ ഹിദ്മ , വളരെ വേഗം സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയിലെ ഏക ബസ്തർ ഗോത്രക്കാരനും പിന്നീട് സെൻട്രൽ മിലിറ്ററി കമ്മീഷൻ തലവനുമായി മാറി.
2010ൽ 76 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ദന്തേവാഡ ആക്രമണം, 2013ൽ ഛത്തീസ്ഗഢ് പ്രതിപക്ഷ നേതാവ് അടക്കം കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ ഒന്നാകെ കൊലപ്പെടുത്തിയ ഝിറാം ഘാട്ടി
ആക്രമണം, 2021ൽ സുക്മയിൽ 21 സുരക്ഷാ സൈനികരെ വധിച്ച സുക്മ ആക്രമണം തുടങ്ങിയവയുടെയെല്ലാം സൂത്രധാരനാണ്.
പലപ്പോഴായി ഒരു കോടി രൂപ വരെ സർക്കാർ തലയ്ക്ക് വിലയിട്ടിരുന്ന ഹിദ്മയോട് ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ ഒരാഴ്ച മുൻപ് അമ്മ അഭ്യർത്ഥിച്ചിരുിന്നു. 2026 മാർച്ച് അവസാനത്തോടെ രാജ്യത്ത് നിന്ന് നക്സലിസം തുടച്ചുനീക്കണമെന്ന അമിത് ഷായുടെ ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് ഇന്നത്തെ ഓപ്പറേഷൻ. ബസവ രാജു വധത്തിനും വേണുഗോപാല റാവുവിന്‍റെ കീഴടങ്ങലിനും പിന്നാലെ മാദ്വി ഹിദ്മയും കൊല്ലപ്പെടുമ്പോൾ സുരക്ഷാസേനയ്ക്ക് അതിനിർണായക നേട്ടം