Russia Ukraine Crisis : ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും, പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അഭ്യർത്ഥന

Published : Feb 24, 2022, 12:40 PM ISTUpdated : Feb 24, 2022, 12:45 PM IST
Russia Ukraine Crisis : ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും, പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അഭ്യർത്ഥന

Synopsis

നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.   

ദില്ലി: ലോകത്തെ ആശങ്കയിലാക്കി റഷ്യ  (Russia), യുക്രൈനിൽ  (Ukraine) സൈനിക നടപടി ആരംഭിച്ച സാഹചര്യത്തിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ (India). റഷ്യ- യുക്രൈൻ വിഷയത്തിൽ ( Russia Ukraine Crisis ) ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗാണ് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് അറിയിച്ചത്. നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു. 

ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ യോഗങ്ങളിലും ഇന്ത്യ നേരത്തെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യർത്ഥിച്ചു. വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളറിയിച്ചു.  റഷ്യൻ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളികോവ് ആവശ്യപ്പെട്ടു. രാജ്യം നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് യുക്രൈൻ അഭ്യർത്ഥന. 

Russia Declared War Against Ukraine : യുക്രൈനിൽ വ്യാപക സ്ഫോടനങ്ങൾ, റഷ്യ കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്ക

യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കമാണ് രാജ്യത്തിന് വലിയ ആശങ്കയായിരിക്കുന്നത്. യുദ്ധം തുടങ്ങിയതിനാൽ യുക്രൈയിൻ വിമാനങ്ങൾക്ക് അനുമതി നൽകുന്നില്ല. ഫ്ലൈറ്റുകൾ റദ്ദാക്കുന്നതും വിമാനത്താവളങ്ങൾ അടച്ചതും പൌരൻമാരെ തിരികെയെത്തിക്കുന്നതിന് തിരിച്ചടിയാകുകയാണ്. നേരത്തെ എയർ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യൻ ആക്രമണമുണ്ടായിരുന്നു. ബെലാറഷ്യൻ സൈന്യവും ഈ ആക്രമണത്തിൽ പങ്കെടുത്തുവെന്നാണ് വിവരം. ഈ സാഹചര്യത്തിൽ എയർ ഇന്ത്യയുടെ യുക്രൈയിനിലേക്കുള്ള രണ്ടാമത്തെ പ്രത്യേക വിമാനത്തിന് കീവിൽ ലാൻഡ് ചെയ്യാതെ മടങ്ങേണ്ടി വന്നു. 


യുക്രൈനിൽ 200-ഓളം മലയാളി വിദ്യാർത്ഥികൾ കുടുങ്ങി 

യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 213 മലയാളി വിദ്യാർത്ഥികളാണ് ഈ രണ്ട് നഗരങ്ങളിലെയും സർവകലാശാലകളിലായി കുടുങ്ങിക്കിടക്കുന്നത്. എയർ ഇന്ത്യ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതോടെ തിരികെ വരാൻ ഒരു വഴിയുമില്ലാതെ അവിടെ കുടുങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾ. യുക്രൈനിലേക്ക് കര മാർഗം റഷ്യയിൽ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാർകിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗവും ഈ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെ കനത്ത ആശങ്കയിലാണ് കുട്ടികൾ. 

ഇതിൽ ഖാർകിവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്ഫോടനമുണ്ടായെന്നും ഇത് നേരിട്ട് കണ്ടെന്നും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റഷ്യൻ സൈന്യം ഒഡേസ തുറമുഖത്ത് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഖാർകിവ് നഗരത്തിന്‍റെ അതിർത്തി വഴിയും സൈന്യം ഇവിടേക്ക് പ്രവേശിക്കുകയാണ്. 

Ukraine Crisis : ലോകത്തോട് സഹായം ചോദിച്ച് യുക്രൈന്‍

യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു.  സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോർക്കയും അറിയിക്കുന്നത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും