
ദില്ലി: അസർബൈജാനിലെ ബാകുവിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വൃത്തിഹീനമായ സീറ്റ് നൽകിയതിന് ഇൻഡിഗോ എയർലൈൻസിന് ദില്ലി ജില്ലാ കൺസ്യൂമർ കോടതി 1.75 ലക്ഷം രൂപ പിഴ വിധിച്ചു. യാത്രക്കാരിയായ സ്ത്രീക്ക് നൽകിയ സീറ്റ് വൃത്തിഹീനവും കറ പുരണ്ടതുമായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഈ സംഭവം യാത്രക്കാരിക്ക് മാനസിക പീഡനവും അസ്വസ്ഥതയും ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. ഡിസംബറിൽ നടന്ന യാത്രയ്ക്കിടെ ഉണ്ടായ ഈ അനുഭവത്തെ തുടർന്ന് യാത്രക്കാരി ഉന്നയിച്ച പരാതി, വിമാന കമ്പനി അധികൃതർ അവഗണിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
ആറ് മാസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി ഇൻഡിഗോക്ക് പിഴ വിധിച്ചത്. ചാണക്യപുര സ്വദേശിയായ യുവതി ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യാത്ര ചെയ്തത്. അവർക്ക് ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞതും വൃത്തിഹീനവുമായിരുന്നു. മാറ്റി നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സീറ്റ് ഫുൾ ആയിരുന്നതിനാൽ മാറ്റിനൽകിയില്ല. പിന്നീട് ഇവർ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധിയുണ്ടായത്.
ഇൻഡിഗോ എയർലൈൻസ് യാത്രക്കാരിയുടെ പരാതിയോട് നിസ്സംഗവും മോശപൂർവവുമായ മനോഭാവം സ്വീകരിച്ചതായി കോടതി വിമർശിച്ചു. എയർലൈൻസ് പരാതിയെ എതിർക്കാൻ ശ്രമിച്ചെങ്കിലും, സിച്വേഷൻ ഡാറ്റ ഡിസ്പ്ലേ റിപ്പോർട്ട് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടത് കമ്പനിയുടെ പ്രതിരോധത്തെ ദുർബലമാക്കിയതായി കോടതി നിരീക്ഷിച്ചു. യാത്രക്കാരിക്ക് മാനസികവും ശാരീരികവുമായ അസ്വസ്ഥതയ്ക്ക് 1.5 ലക്ഷം രൂപയും, വ്യവഹാര ചെലവിനായി 25,000 രൂപയും നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു. ഇനിയൊരിക്കലും ഇൻഡിഗോയിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടാകരുതെന്നാണ് പിഴ വാർത്തയോട് യാത്രക്കാരുടെ പ്രതികരണം.