
ദില്ലി: ഇന്ത്യ - പാകിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പത്ത് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി ഇന്റിഗോ എയർലൈൻസ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇതെന്ന് കമ്പനി സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പ് പറയുന്നു.
ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡിഗഡ്, ധരംശാല, ബികാനീർ, ജോധ്പൂർ, കിഷ്ണഗർ, രാജ്കോട്ട് വിമാനത്താവളത്തിലേക്കും ഇവിടങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകളുമാണ് ഇന്റിഗോ റദ്ദാക്കിയത്. മേയ് പത്താം തീയ്യതി രാത്രി പന്ത്രണ്ട് മണി വരെയാണ് സർവീസുകൾ റദ്ദാക്കുന്നതെന്ന് ഇന്റിഗോ അറിയിച്ചു.
സാഹചര്യം തുടർച്ചയായി വിലയിരുത്തുകയും അധികൃതരുമായി ഇക്കാര്യത്തിൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയുമാണെന്നും കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. സർവീസുകൾ റദ്ദാക്കുന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കും. യാത്രാ പദ്ധതികളിൽ മാറ്റം വരുത്താൻ വേണ്ട സഹായം നൽകുമെന്നും കമ്പനി അറിയിച്ചു.
രാജ്യത്ത് നിലവിൽ 24 വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. മറ്റ് വിമാനത്താവളങ്ങളെല്ലാം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാർ കൂടുതൽ സമയം വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ സോഷ്യൽ മീഡിയയിലൂടെ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര യാത്രക്കാർ വിമാനം പുറപ്പെടുന്ന സമയത്തിന് അഞ്ച് മണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണമെന്നാണ് കൊച്ചി വിമാനത്താവളം അറിയിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം