
ഗോഹത്തി: അസമിലെ ജോറത്ത് വിമാനത്താവളത്തിൽ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ഇൻഡിഗോ വിമാനമാണ് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. ഇൻഡിഗോയുടെ കൊൽക്കത്ത വിമാനമാണ് റൺവേക്ക് പുറത്തെത്തിയത്. യാത്രക്കാർക്ക് പരിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ അറിയിച്ചു. .യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട‍്‍ല വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ,സ്പൈസ് ജെറ്റിലും സാങ്കേതിക തകരാർ സംഭവിച്ചിച്ചിരുന്നു. ടേക്ക് ഓഫിനിടെ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഒമ്പതാം തവണയാണ് സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ അഭിമുഖീകരിക്കുന്നത്.
സ്പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡിജിസിഎ, രണ്ട് മാസത്തേക്ക് പകുതി വിമാന സർവീസുകൾ വെട്ടിക്കുറച്ചു
സ്വകാര്യ വിമാന കമ്പനിയായി സ്പൈസ് ജെറ്റിനെതിരെ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്പത് ശതമാനം സർവീസുകൾ മാത്രമേ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിർദേശം. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
സ്പൈസ് ജെറ്റിന്റെ 48 വിമാനങ്ങളിൽ ഈ മാസം 9നും 13നും ഇടയിൽ ഡിജിസിഎ പരിശോധനയും നടത്തിയിരുന്നു. ഇപ്രകാരം നടത്തിയ 53 പരിശോധനകളെ കൂടി വിലയിരുത്തിയാണ് നടപടി എന്ന് ഡിജിസിഎ വിശദീകരിച്ചു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ അപര്യാപ്തമാണെന്നാണ് ഡിജിസിഎ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam