
ഭോപ്പാല്‍: കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പതിനാലുകാരന്‍ മുട്ടക്കച്ചവടം നടത്തിയിരുന്ന ഉന്തുവണ്ടി നഗരസഭ ഉദ്യോഗസ്ഥര്‍ തകര്‍ത്തതായി ആരോപണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നഗരസഭാ ജീവനക്കാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ട 100 രൂപ നല്‍കാന്‍ വിസമ്മതിച്ചതായിരുന്നു പ്രകോപനമുണ്ടാക്കിയതെന്നും പതിനാലുകാരന്‍ പറയുന്നു. റോഡ് സൈഡില്‍ ഉന്തുവണ്ടി നിര്‍ത്തിയിട്ട് കച്ചവടം ചെയ്യണമെങ്കില് കൈക്കൂലി നല്‍കണമെന്ന് നഗരസഭാ ജീവനക്കാര്‍ ആവശ്യപ്പെട്ടു.
വിസമ്മതിച്ചതോടെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയായി. ഇതിന് പിന്നാലെയാണ് ഉന്തുവണ്ടി മറിച്ചിട്ടത്. വില്‍പ്പനയ്ക്കായി എത്തിച്ച മുട്ടകള്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമത്തില്‍ ഉടഞ്ഞുപോയി. വണ്ടി മറിച്ചിട്ട ശേഷം നടന്ന് നീങ്ങുന്ന ജീവനക്കാരോട് പതിനാലുകാരന്‍ തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോക്ക്ഡൌണും കൊവിഡ് 19നും കൊണ്ട് ജീവിത മാര്‍ഗം തേടി നിരവധിപ്പേരാണ് വിവിധ സാധനങ്ങളുടെ ചെറുകിട കച്ചവടവുമായി തെരുവുകളിലേക്ക് എത്തുന്നത്. പഴം, പച്ചക്കറി, മീന്‍ തുടങ്ങി ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്താനായി ആളുകള്‍ കഷ്ടപ്പെടുന്നതിനിടെ എത്തിയ ദൃശ്യം വ്യാപക വിമര്‍ശനത്തിന് വഴിതെളിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ കച്ചവടക്കാര്‍ക്ക് ലെഫ്റ്റ് റൈറ്റ് സിസ്റ്റമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആളുകള്‍ കൂട്ടം കൂടുന്നത് കുറയാനായി റോഡിനെ ഒരു വശത്തെ കടകള്‍ ഒരു ദിവസവും എതിര്‍ വശത്തെ കടകള്‍ അടുത്ത ദിവസം തുറക്കുകയും ചെയ്യുന്ന രീതിയാണിത്. എന്നാല്‍ ഈ തീരുമാനം പ്രതിസന്ധിയിലായ തെരുവോര കച്ചവടക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണ് എന്നാണ് വ്യാപക വിമര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam