
ഇൻഡോർ: മുലപ്പാൽ കുറഞ്ഞതോടെ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി കൊടുത്തു. പത്ത് വർഷം കാത്തിരിപ്പിന് ശേഷം ജനിച്ച ആൺകുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇൻഡോറിൽ പൈപ്പ് വെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നത് മൂലമുണ്ടായ ദുരന്തത്തിൽ ഒടുവിലത്തെ മരണമാണ് ആറ് മാസം പ്രായമുള്ള ആൺകുഞ്ഞ്. കുഞ്ഞിന് അമ്മയുടെ മുലപ്പാൽ തികയാതെ വന്നതോടെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയത്. ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികളുടെ മകനാണ് അതിദാരുണമായി മരിച്ചത്. അഞ്ചര മാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. ഡിസംബർ 26നാണ് കുഞ്ഞിന് പനിയും വയറിളക്കവും ബാധിച്ചത്. ഉടൻ തന്നെ അവ്യാന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗാവസ്ഥയിൽ കുറവുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ലഭിച്ചത്. എന്നാൽ തിരികെ വീട്ടിലെത്തി ഒരു ദിവസം പിന്നിട്ടതോടെ കുഞ്ഞിന് പനി കലശലായി. രാവിലെ ആശുപത്രിയിൽ കാണിക്കാമെന്ന ധാരണയിൽ മാതാപിതാക്കൾ മരുന്ന് നൽകി കാത്തിരുന്നു. പുലർച്ചയോടെ വയറിളക്കവും ഛർദ്ദിയും രൂക്ഷമായി അവ്യാൻ മരണപ്പെടുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന നിലയിൽ പ്രശസ്തമായ ഇൻഡോറിലാണ് കുടിവെള്ളം മരണ കാരണമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മലിനമായ വെള്ളം കുടിച്ച ആളുകൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തേടുന്ന കാഴ്ച ഇൻഡോറിലെ ആശുപത്രികളിൽ കാണാനുള്ളത്. മുഖ്യമന്ത്രി മോഹൻ യാദവ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിലെത്തി സാഹചര്യം വിലയിരുത്തിയിരുന്നു. സംഭവത്തിൽ പ്രഥമ ദൃഷ്ട്യ കുറ്റക്കാരായ നാല് പേരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും രോഗികളായവർക്ക് സൌജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിശദമാക്കി. സംഭവത്തിൽ മൂന്നംഗ സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും പൈപ്പ് ലൈനുകളിലെ തകരാറ് പരിഹരിക്കാൻ വൈകിയതാണ് നിലവിലെ അവസ്ഥയുടെ കാരണമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഒക്ടോബർ മുതൽ പരാതി ഉയർന്നുവെങ്കിലും ചുമതലയിലുള്ള ഉദ്യോഗസ്ഥർ പരാതി പരിഹരിക്കാൻ താൽപര്യം കാണിക്കാത്തത് മൂലം കുടിവെള്ളം ഉപയോഗിച്ച 8 പേരാണ് നിലവിൽ മരണപ്പെട്ടത്.
ഡിസംബർ 29നാണ് പൈപ്പ് വെള്ളം കുടിച്ച് രോഗബാധിച്ച ആദ്യത്തെ മരണം ഇൻഡോറിൽ റിപ്പോർട്ട് ചെയ്തത്. കുടിവെള്ള പൈപ്പ് ലൈനിന് മുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശുചിമുറി സ്ഥാപിച്ചത് മൂലമാണ് വെള്ളത്തിൽ മാലിന്യം കലർന്നത്. 212 പേരോളമാണ് നിലവിൽ ചികിത്സ തേടിയത്. ഭാഗീരഥ്പുരയിലാണ് മരണങ്ങളിലേറെയും സംഭവിച്ചിട്ടുള്ളത്. 2025 ൽ മാത്രം 266 പരാതികളാണ് കുടിവെള്ളവുമായി ബന്ധപ്പെട്ട് ഇൻഡോറിൽ ലഭിച്ചത്. ഇതിൽ 23 പരാതികൾ ഭാഗീരഥ്പുര മേഖലയിലാണ്. എൻജിനീയർക്ക് പരിഹരിക്കാൻ നൽകിയ 16 കേസുകളിൽ അഞ്ച് പരാതികൾ മാത്രമാണ് പരിഹരിക്കപ്പെട്ടത്. സസ്പെൻഷൻ നേരിടുന്നവരിൽ അസിസ്റ്റൻറ് എൻജിനിയറും ഉൾപ്പെടും. നഗരത്തിൽ മലിനജലം കുടിച്ച് വയറിളക്കം ബാധിച്ചു മരിച്ചവരുടെ എണ്ണം സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മരിച്ചത് 4 പേർ മാത്രമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറയുന്നത്. അതേസമയം 13 പേർ മരിച്ചതായി പ്രശ്നം ഉണ്ടായ ഭാഗീരഥ്പുരയിലെ ജനങ്ങൾ പറയുന്നത്. 7 പേർ മരിച്ചതായാണ് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ ഇതിനോടകം വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam