
ഇൻഡോർ: ഭിക്ഷാടകരില്ലാത്ത ഇൻഡോർ എന്ന പദ്ധതിയുടെ ഭാഗമായി നിരാലംബരെ തെരുവുകളിൽ നിന്ന് പുറത്താക്കാനുള്ള നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചയാളുടെ സ്വത്ത് വിവരം കേട്ട് ഞെട്ടി അധികൃതർ. വർഷങ്ങളായി നഗരത്തിലെ സറഫ ബസാർ പരിസരത്ത് കാണാറുള്ള ഭിന്നശേഷിക്കാരനായ മംഗിലാൽ എന്നയാളുടെ ആസ്തിയാണ് അധികൃതരെ ഞെട്ടിച്ചത്. പരിസരത്ത് പരിചിതനായ മുഖമായിരുന്നു മംഗിലാൽ. അദ്ദേഹം ഒരിക്കലും പരസ്യമായി യാചിച്ചില്ല. ചക്രപ്പലകയിൽ മൂലയിൽ ഇരിക്കുകയോ ഷൂസിനുള്ളിൽ കൈകൾ വെച്ച് സ്വയം തള്ളിനീക്കുകയോ ചെയ്യുമായിരുന്നു. വഴിയാത്രക്കാർ ഇയാളുടെ ദൈന്യത കണ്ട് സഹായം നൽകും. ഒരു സാധാരണ ദിവസം കളക്ഷൻ 500 മുതൽ 1,000 രൂപ വരെ ലഭിക്കുമായിരുന്നു.
എംപിയുടെ വനിതാ ശിശു വികസന വകുപ്പിലെ രക്ഷാസംഘം അടുത്തിടെ മംഗിലാലിനെ കൊണ്ടുപോയി പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് സത്യം പുറത്തുവന്നത്. ഭഗത് സിംഗ് നഗറിൽ മൂന്ന് നില വീടും, ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും, അൽവാസയിൽ ഒരു ഫ്ലാറ്റും തനിക്ക് സ്വന്തമായുണ്ടെന്ന് നോഡൽ ഓഫീസർ ദിനേശ് മിശ്രയോട് മംഗിലാൽ പറഞ്ഞു. വൈകല്യം കണക്കിലെടുത്ത് റെഡ് ക്രോസ് സൊസൈറ്റി വഴി പിഎംഎവൈ പദ്ധതി പ്രകാരം ഇവ ലഭിച്ചു. വാടകയ്ക്ക് കൊടുക്കുന്ന മൂന്ന് ഓട്ടോറിക്ഷകളും, ഒരു സ്വിഫ്റ്റ് ഡിസയർ കാറും സ്വന്തമായുണ്ട്. കാർ ഓടിയ്ക്കാൻ ഡ്രൈവറെ ശമ്പളം നൽകി ജോലിക്ക് നിർത്തിയിട്ടുണ്ട്.
മംഗിലാൽ, തനിക്ക് ലഭിക്കുന്ന സംഭാവന ഉപയോഗിച്ച്, സരഫ ബസാറിലെ ചെറുകിട ആഭരണ ബിസിനസുകാർക്ക് ഉയർന്ന പലിശക്ക് പണം കടം കൊടുത്താണ് സമ്പന്നനായത്. പണം കടം വാങ്ങുന്നവരിൽനിന്ന് നിന്ന് ദിവസേനയോ ആഴ്ചയിലോ പലിശ ശേഖരിക്കുന്നു.
അദ്ദേഹത്തിന് എത്ര സമ്പാദ്യമുണ്ടെന്ന് അദ്ദേഹം ഞങ്ങൾക്ക് ഏകദേശ ധാരണയായി. പക്ഷേ കൃത്യമായ കണക്കിൽ ഞങ്ങൾ ഇനിയും എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ എല്ലാ വരുമാന സ്രോതസ്സുകളും അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കളും ഞങ്ങൾ അന്വേഷിച്ചുവരികയാണെന്ന് ദിനേശ് മിശ്ര പറഞ്ഞു. മംഗിലാലിന്റെ ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് പണമിടപാടുകളുടെയും വിവരങ്ങൾ ശേഖരിച്ചു. സ്വന്തമായി വീടുണ്ടായിട്ടും പിഎംഎവൈ വീട് നേടിയതിന് മറുപടി നൽകാൻ അദ്ദേഹത്തെ ജില്ലാ കളക്ടറുടെ മുമ്പാകെ ഹാജരാക്കും.
മംഗിലാൽ നിലവിൽ മാതാപിതാക്കൾക്കൊപ്പം അൽവാസ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും വേറിട്ടാണ് താമസിക്കുന്നത്. ഇൻഡോറിലെ തെരുവുകളിൽ നിന്ന് യാചകരെ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിൻ 2024 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഏകദേശം രണ്ട് വർഷത്തിനുള്ളിൽ 6,500 യാചകരെ തിരിച്ചറിഞ്ഞ., അവരിൽ 4,500 പേരെ സർക്കാർ നടത്തുന്ന സംരംഭങ്ങളിലൂടെ ഉപജീവനത്തിനായി ജോലി ചെയ്യാൻ കൗൺസിലിംഗ് നൽകി. ഏകദേശം 1,600 യാചകരെ ഉജ്ജൈനിലെ ഒരു ആശ്രമത്തിലേക്ക് മാറ്റി. 172 കുട്ടികളെ സ്കൂളുകളിൽ ചേർത്തു. കൂടാതെ 526 കോടി രൂപയുടെ പലിശരഹിത വായ്പയും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam