
മകള്‍ ഷീന ബോറ (Sheena Bora) ജീവിപ്പിച്ചിരുപ്പുണ്ടെന്ന അവകാശവാദവുമായി ഇന്ദ്രാണി മുഖര്‍ജി (Indrani Mukerjea). സിബിഐ (CBI) ഡയറക്ടര്‍ക്ക് എഴുതിയ കത്തിലാണ് ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. അടുത്തിടെ ജയിലില്‍ വച്ച് പരിചയപ്പെട്ട സ്ത്രീയാണ് ഷീന ബോറയെ കശ്മീരില്‍ കണ്ടതായി വിശദമാക്കിയതെന്നാണ് കത്ത് അവകാശപ്പെടുന്നത്. ഷീന ബോറയ്ക്കായി കശ്മീരില്‍ തിരച്ചില്‍ നടത്തണമെന്നാണ് സിബിഐ ഡയറക്ടര്‍ക്കുള്ള കത്തില്‍ ഇന്ദ്രാണി മുഖര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. ഡയറക്ടര്‍ക്കുള്ള കത്തിന് പുറമേ പ്രത്യേക സിബിഐ കോടതിയിലും ഇന്ദ്രാണി ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഈ അപേക്ഷ കോടതി ഉടന്‍ തന്നെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷീന ബോറ കൊലപാതകക്കേസില്‍ 2015ലാണ് ഇന്ദ്രാണി മുഖര്‍ജി ജയിലിലാവു്നനത്. മുംബൈയിലെ ബൈക്കുള ജയിലിലാണ് നിലവില് ഇന്ദ്രാണി മുഖര്‍ജി ഉള്ളത്. ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ദ്രാണിയുടെ അഭിഭാഷകന്‍. വിവാഹപൂർവപ്രേമബന്ധത്തിലുള്ള ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മുംബൈയിൽ നിന്ന് അധികം ദൂരെയല്ലാത്ത റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു കളഞ്ഞു എന്നതാണ് ഇന്ദ്രാണി മുഖർജിയക്കെതിരെയുള്ള കേസ്.
ഈ വധത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്നാരോപിച്ച് ഇന്ദ്രാണിയുടെ ഭർത്താവും, സ്റ്റാർ ഇന്ത്യ മേധാവിയുമായിരുന്ന പീറ്റർ മുഖർജിയയും പിന്നീട് അറസ്റ്റിലാവുകയും റിമാൻഡിൽ അയക്കപെടുകയുമൊക്കെ ഉണ്ടായിരുന്നു. വിചാരണത്തടവിനിടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ദ്രാണിയും ഭർത്താവും വിവാഹമോചിതരാവുകയും ചെയ്തിരുന്നു. മകളെക്കൊന്ന്, തെളിവുകൾ വളരെ സമർത്ഥമായി നശിപ്പിച്ചശേഷം, ഒന്നും സംഭവിച്ചിട്ടില്ലെന്നും ഷീന വിദേശത്തു പോയതാണെന്നും വരുത്തിയിരുന്നു ഇന്ദ്രാണി.
പെറ്റിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്ത ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായി പൊലീസിന്റെ ചോദ്യംചെയ്യലിനിടെ അവർ പ്രതീക്ഷിക്കാതിരുന്ന ഒരു കുറ്റം കൂടി ഏറ്റുപറഞ്ഞു. ഇന്ദ്രാണി മുഖർജിയും അവരുടെ ആദ്യ ഭർത്താവും, മകൾ വിദ്ധിയുടെ അച്ഛനുമായ സഞ്ജീവ് ഖന്നയും ചേർന്ന് ഷീനാ ബോറയെ ശ്വാസം മുട്ടിച്ചു കൊന്നെന്നും ശവം റായ്ഗഡിനടുത്തുള്ള ഏതോ കാട്ടിനുള്ളിൽ കൊണ്ടിട്ടു കത്തിച്ചുകളയാൻ താൻ സഹായം ചെയ്തു എന്ന ഡ്രൈവറുടെ മൊഴിയാണ് ഷീന ബോറ കൊലപാതകക്കേസിലേക്ക് വെളിച്ചം വീശിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam