വിമാനവാഹിനിയിൽ നിന്ന് മോഷണം പോയത് കപ്പൽ രൂപരേഖ: അന്വേഷിക്കാൻ പൊലീസിനൊപ്പം 'റോ'യും

By Web TeamFirst Published Sep 20, 2019, 4:59 PM IST
Highlights

കപ്പലിന്‍റെ രൂപരേഖയുൾപ്പടെയുള്ള സുപ്രധാന രേഖകളാണ് പോയതെന്ന നിഗമനത്തിലാണ് പൊലീസ്. കമ്പ്യൂട്ടറുകൾ പോയതിൽ നൽകിയ പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. 

കൊച്ചി: കൊച്ചിയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലിലെ കവർച്ച അതീവഗൗരവതരം. കപ്പലിന്‍റെ രൂപരേഖയടക്കമുള്ള കാര്യങ്ങൾ മോഷണം പോയെന്നാണ് പൊലീസിന്‍റെ നിഗമനം. കപ്പലിന്‍റെ നിയന്ത്രണസംവിധാനവുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്കുകളാണ് നഷ്ടമായതെന്ന് വ്യക്തമായി. കപ്പൽശാല നൽകിയ പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

നാവിക സേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാന വാഹിനി കപ്പലിൽ ആണ് ഇക്കഴിഞ്ഞ 13-ന് കവർച്ച നടന്നത്. എന്നാൽ കപ്പൽ ശാലാ അധികൃതർ കവർച്ച അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം. 

2021-ൽ നാവിക സേനയ്ക്ക് കൈമാറാൻ ഒരുങ്ങുന്ന കപ്പലിൽ സുപ്രധാന ഉപകരണങ്ങൾ സ്ഥാപിച്ചു വരികയായിരുന്നു. ഇതിനിടയിൽ നടന്ന കവർച്ച ഏറെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. കപ്പലിലെ പ്രധാന കംപ്യൂട്ടറുകളുമായി ബന്ധപ്പെട്ട്   മറ്റ് 9 കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്ന് കംപ്യൂട്ടറിന്‍റെ 2 വീതം റാമുകൾ, സിപിയു, മൂന്ന് ഹാർഡ് ഡിസ്ക് എന്നിവയാണ് കാണാതായത്.

കപ്പൽ നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവയിലുണ്ടെന്നണ് അറിയുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നത്. കപ്പൽ ശാലയിലെ ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് ആയി നിയോഗിച്ച സ്വകാര്യ സുരക്ഷാ ജീവനക്കാരെയുമാണ് ചോദ്യം ചെയ്യുന്നത്.

80 സ്വകാര്യ സുരക്ഷാ ജീവനക്കാർ കപ്പലിന്‍റെ സുരക്ഷയ്ക്ക് മാത്രമായുണ്ട്. ഇതിന് പുറമേ സിആർപിഎഫ് ഉദ്യോഗസ്ഥരും കപ്പലിന്‍റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ സുരക്ഷാ വലയം കടന്നാണ് കവർച്ച സാധനങ്ങൾ പുറത്തേക്ക് പോയിട്ടുള്ളത്. 

കപ്പൽ ശാലയ്ക്ക് ഉള്ളിലുള്ള ആരുടെയെങ്കിലും പിന്തുണ ഇല്ലാതെ കവർച്ച സാധ്യമല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നം എന്ന നിലയിൽ റോ അടക്കം കേസിൽ അന്വേഷണം നടത്തുന്നു. നിലവിൽ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല.

 

 

 

click me!