'വിട്ടുവീഴ്ചയില്ല'; ബിജെപി നേതാവ് പാര്‍ട്ടി ഓഫീസില്‍ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണമെന്ന് മനോജ് തിവാരി

By Web TeamFirst Published Sep 20, 2019, 3:25 PM IST
Highlights

മെഹ്രാലി ബിജെപി ജില്ലാ നേതാവ് ആസാദ് സിംഗാണ് പാര്‍ട്ടി ഓഫീസില്‍ വെച്ച് മുന്‍ മേയര്‍കൂടിയായ ഭാര്യയെ മര്‍ദ്ദിച്ചത്

ദില്ലി: സ്ത്രീകളുടെ അന്തസിന് കളങ്കമേല്‍പ്പിക്കുന്നതൊന്നും വെച്ച് പൊറുപ്പിക്കില്ലെന്നും പാര്‍ട്ടി ഓഫീസില്‍ ഭാര്യയെ മര്‍ദ്ദിച്ച  മെഹ്രാലി ബിജെപി ജില്ലാ നേതാവിനെ സസ്പെന്‍ഡ് ചെയ്തതായും ദില്ലി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി. ബിജെപി ഓഫീസില്‍ വെച്ച് പാര്‍ട്ടി ജില്ലാ  നേതാവ് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും  തിവാരി കൂട്ടിച്ചേര്‍ത്തു. 
 
മെഹ്രാലി ബിജെപി ജില്ലാ നേതാവ് ആസാദ് സിംഗാണ് പാര്‍ട്ടി ഓഫീസില്‍ വെച്ച് മുന്‍ മേയര്‍കൂടിയായ ഭാര്യയെ മര്‍ദ്ദിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍  പ്രചരിച്ചിരുന്നു.

'സ്ത്രീകളുടെ അന്തസിന്  കളങ്കമേല്‍പ്പിക്കുന്നതൊന്നും വെച്ചു പൊറുപ്പിക്കില്ല. ആസാദ് സിംഗിനെ ബിജെപി ജില്ലാ കമ്മറ്റി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. വിഷയത്തില്‍  അന്വേഷണ കമ്മീഷനെ നിയമിച്ചതായും മനോജ് തിവാരി വ്യക്തമാക്കി. 

ഭാര്യ സരിതാ ചൗധരിയെ ദില്ലി പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് ആസാദ് മര്‍ദ്ദിച്ചത്. ബിജെപി മുതിര്‍ന്ന നേതാവ് പ്രകാശ് ജാവേദ്ക്കര്‍ പാര്‍ട്ടി ഓഫീസിലുള്ളപ്പോഴാണ് സംഭവം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി അവലോകന യോഗത്തിന് എത്തിയതായിരുന്നു ജാവേദ്ക്കര്‍. 

ഇതേ യോഗത്തിനെത്തിയതായിരുന്നു ആസാദ് സിംഗും ഭാര്യയും. ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും എന്നാല്‍ പൊതുഇടത്തില്‍ വെച്ച് ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ഇരുവരുടേയും സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു. 

സൗത്ത് ദില്ലി മുന്‍ മേയര്‍ കൂടിയാണ് ആസാദ് സിംഗിന്‍റെ ഭാര്യ സരിതാ ചൗധരി.'ഭാര്യ തന്നെ  ആക്രമിക്കാന്‍ ശ്രമിച്ചു. സ്വയംരക്ഷയ്ക്ക് വേണ്ടി തടയുക മാത്രമാണ് ചെയ്തത്. ഭാര്യയില്‍ നിന്നും വിവാഹമോചനമാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നുമാണ്  സിംഗ്  പിന്നീട് പ്രതികരിച്ചത്. 
 

click me!