ഭീമകൊറേഗാവ് കേസിൽ വരവരറാവുവിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു

By Web TeamFirst Published Aug 10, 2022, 12:44 PM IST
Highlights

ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെയാണ് വരവരറാവു സുപ്രീം കോടതിയെ സമീപിച്ചത്. 2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസില്‍ വരവര റാവു അറസ്റ്റിലാകുന്നത്. കൊവിഡ് രോഗബാധിതനായി ആരോഗ്യം മോശമായതോടെ വരവരറാവുവിന് നേരത്തെ ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചിരുന്നു. എ

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന്  സ്ഥിരജാമ്യം അനുവദിച്ച് സുപ്രീം കോടതി. പാര്‍ക്കിൻസണ്‍സ് രോഗബാധിതനായ വരവരറാവുവിൻ്റെ ആരോഗ്യസാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് നടപടി. 

ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെയാണ് വരവരറാവു സുപ്രീം കോടതിയെ സമീപിച്ചത്. 2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസില്‍ വരവര റാവു അറസ്റ്റിലാകുന്നത്. കൊവിഡ് രോഗബാധിതനായി ആരോഗ്യം മോശമായതോടെ വരവരറാവുവിന് നേരത്തെ ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇടക്കാലജാമ്യം അനുവദിക്കണമെന്ന വരവരറാവുവിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി ഇതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.  

ഭീമ കൊറേഗാവ് കേസില്‍ എൻഐഎ അറസ്റ്റ് ചെയ്ത്  ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി കഴിഞ്ഞ വര്‍ഷം ജൂലൈയിൽ അന്തരിച്ചിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗിയായിരുന്ന സ്വാമിയുടെ ആരോഗ്യനില  കൊവിഡ് ബാധയെ തുടർന്ന്  മോശമായിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അദ്ദേഹം മരണപ്പെട്ടു. ഇനിയും എൻഐഎ കസ്റ്റഡിയിൽ വിട്ടാൽ സ്റ്റാൻ സ്വാമിയുടെ അവസ്ഥയാകും വരവരറാവുവിനെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ജാമ്യാപേക്ഷയിൽ വാദിച്ചു. 

ഇത്രകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടും വരവരറാവുവിൻ്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്ന് ജാമ്യം അനുവദിച്ചുള്ള വിധിയിൽ കോടതി നിരീക്ഷിക്കുന്നു. റാവുവിന് 82 വയസ്സായി. 2018ൽ അറസ്റ്റിലായ കാലം മുതൽ അന്വേഷണ ഏജൻസിക്ക് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിലെ ചില പ്രതികളെ ഇപ്പോഴും പിടികൂടാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

റാവുവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ, തന്റെ കക്ഷിക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പോലും അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നും വാദിച്ചു. പാർക്കിൻസൺസ് രോഗവും രക്തം കട്ടപിടിക്കുന്ന  വിട്ടുമാറാത്ത അസുഖവുമുള്ള റാവുവിനെ ഇനിയും എൻഐഎ കസ്റ്റഡിയിൽ വിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വിടുതൽ ഹര്‍ജി നൽകി വിചാരണ വൈകിപ്പിക്കാനാണ് റാവു ശ്രമിക്കുന്നതെന്ന് എൻഐഎക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. എന്നാൽ എൻഐഎയുടെ വാദത്തെ കോടതി തള്ളി. 

"നിങ്ങൾ അസുഖങ്ങളെ ചൊല്ലി തർക്കിക്കരുത്. അദ്ദേഹത്തിൻ്റെ പ്രായം നോക്കൂ. ആശുപത്രിയിൽ ചികിത്സിച്ച് ആരോഗ്യനില മെച്ചപ്പെടാത്തയാൾ കസ്റ്റഡിയിൽ എങ്ങനെ സുഖപ്പെടും എന്ന് നിങ്ങൾ വിശദീകരിക്കൂ - ജസ്റ്റിസ് ലളിത് വാക്കാൽ നിരീക്ഷിച്ചു. 

click me!