
ദില്ലി: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേരത്തെ എതിർപ്പുയർത്തിയ മുതിർന്ന നേതാക്കൾ. കോൺഗ്രസ് ദുർബലമായെന്ന് കപിൽ സിബൽ ആരോപിച്ചു.ഗുലാംനബി ആസാദിന് വീണ്ടും രാജ്യസഭ സീറ്റ് നൽകേണ്ടതായിരുന്നുവെന്നും സിബൽ അഭിപ്രായപ്പെട്ടു. ജനാല ചാടി വന്നവരല്ല താനുൾപ്പെടെയുള്ള നേതാക്കളെന്നും താൻ കോൺഗ്രസുകാരനാണോ എന്ന് മറ്റുള്ളവർ നിശ്ചയിക്കേണ്ടെന്നും ആനന്ദ് ശർമ്മ തുറന്നടിച്ചു. ജമ്മുവിലെ പരിപാടിയിലായിരുന്നു നേതാക്കളുടെ പരമാർശം.
സംഘത്തിലെ മുതിർന്ന നേതാവും ജി 23 റിബൽ സംഘത്തിന്റെ മുഖങ്ങളിലൊരാളുമായ ആനന്ദ് ശർമ്മ കോൺഗ്രസ് കഴിഞ്ഞ ദശാബ്ദത്തിൽ ദുർബലമായെന്നും പുതിയ തലമുറ പാർട്ടിയുമായി ബന്ധപ്പെടണമെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ നല്ല കാലം കണ്ടവരാണ് ഞങ്ങളെന്നും ഞങ്ങൾക്ക് വയസാകുമ്പോൾ കോൺഗ്രസ് ദുർബലമാകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു വർഷമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. ജി 23 എന്നാൽ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാർ ജമ്മുവിലെ റാലിയിൽ പറഞ്ഞത്. കോൺഗ്രസിനെതിരെ പ്രവർത്തിക്കുന്ന സംഘമല്ല ഇതെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ജി 23 ആഗ്രഹിക്കുന്നതെന്നും രാജ് ബബ്ബാർ പറയുന്നു.
കോൺഗ്രസ് ദുർബലമാകുന്നുവെന്നതാണ് യാഥാർത്ഥ്യമെന്ന് കപിൽ സിബലും ആവർത്തിച്ചു. ഒത്തൊരുമിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ജമ്മുവിലെ ഒത്തു ചേരലെന്നാണ് കപിൽ സിബലിന്‍റെ വിശദീകരണം.
മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam