കട്ടക്കിൽ സംഘർഷാവസ്ഥയ്ക്ക് അയവില്ല; ഇൻ്റർനെറ്റ് നിരോധനം നീട്ടി, നിരോധനാജ്ഞ തുടരുന്നു; വ്യാജവാർത്തകളിൽ ആശങ്കയറിയിച്ച് ജില്ലാ ഭരണകൂടം

Published : Oct 07, 2025, 01:39 AM IST
Internet suspension extended in Odisha Cuttack Curfew on

Synopsis

ഒഡിഷയിലെ കട്ടക്കിൽ ദുർഗാ പൂജ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ ഇൻ്റർനെറ്റ് നിരോധനവും നിരോധനാജ്ഞയും നീട്ടി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കട്ടക്ക്: ദുർഗാ പൂജയോട് അനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഒഡിഷയിലെ കട്ടക്കിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥയ്ക്ക് അയവില്ല. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഇൻ്റർനെറ്റ് നിരോധനം നീട്ടി. പ്രദേശത്ത് നിരോധനാജ്ഞയും നീട്ടി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിലും കട്ടക്ക് ജില്ലാ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പും നൽകി.

ഒക്ടോബർ 7 ന് വൈകുന്നേരം 7 മണി വരെയാണ് ഇൻ്റർനെറ്റ് വിലക്ക് നീട്ടിയത്. ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായി നേരത്തെ അറിയിപ്പ് നൽകിയിരുന്നു. സംഘർഷം തുടരുന്നത് തടയാനാണ് സസ്പെൻഷൻ ഏർപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 163 പ്രകാരം ഒക്ടോബർ 7 വരെ 36 മണിക്കൂർ നേരത്തേക്ക് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സർക്കാർ ഇന്റർനെറ്റ്, ഒഡീഷ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (OSWAN), ബാങ്കിംഗ്, റെയിൽവേ അല്ലെങ്കിൽ മറ്റ് സർക്കാർ സേവനങ്ങൾ പോലുള്ള ഇൻട്രാനെറ്റ് അധിഷ്ഠിത സേവനങ്ങൾക്ക് ഇപ്പോഴത്തെ ഇൻ്റർനെറ്റ് വിലക്ക് ബാധകമല്ല.

കട്ടക്കിലെ ദാരാഘബസാർ പ്രദേശത്തെ ഹാത്തി പൊഖാരിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നും രണ്ടിനും ഇടയിൽ, കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള സംഗീതം ചില നാട്ടുകാർ എതിർത്തതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ഘോഷയാത്രയ്ക്ക് നേരെ സമീപത്തെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്ന് കല്ലുകളും ഗ്ലാസ് കുപ്പികളും എറിയാൻ തുടങ്ങിയതോടെ ഏറ്റുമുട്ടലിലേക്ക് നീങ്ങിയെന്നാണ് പൊലീസ് പറയുന്നത്. നിരവധി വാഹനങ്ങൾക്കും വഴിയോര കടകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. മൂന്ന് മണിക്കൂറോളം നിമജ്ജന ഘോഷയാത്ര നിർത്തിവച്ച ശേഷം കർശന സുരക്ഷയിലാണ് ഇത് പുനരാരംഭിച്ചത്.

പിന്നീട് വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ നടന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ഒരു സംഘമാളുകൾ ബൈക്ക് റാലി നടത്താൻ അനുമതി തേടി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഇത് പൊലീസ് അനുവദിച്ചില്ല. പിന്നീട് ബൈക്ക് റാലിയുമായി മുന്നോട്ട് പോയ സംഘത്തെ പൊലീസ് തടഞ്ഞു. ഇതോടെ വീണ്ടും സംഘർഷമുണ്ടായി. കല്ലേറിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. പിന്നീട് ബലപ്രയോഗത്തിലൂടെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. നേരത്തെ നടന്ന അക്രമത്തിൽ പരിക്കേറ്റ നാല് പേരിൽ ഒരാൾ മരിച്ചതായ പ്രചാരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ഒഡിഷയിൽ സാമുദായിക ഐക്യത്തിന് പേരുകേട്ട നഗരമായിരുന്നു കട്ടക്ക്. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും ഐക്യത്തോടെ ജീവിച്ചിരുന്ന സാഹോദര്യത്തിന്റെ നഗരമെന്നാണ് കട്ടക്ക് അറിയപ്പെട്ടത്. ഇവിടെ നടന്ന സംഘർഷത്തിൽ സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയ ബിജെപി സർക്കാരിനെ വിമർശിക്കുകയാണ് ബിജെഡി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ