'ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റു'; നാഷണൽ ഹെരാൾഡിൽ മധ്യപ്രദേശിലും അന്വേഷണം

By Web TeamFirst Published Aug 6, 2022, 8:57 AM IST
Highlights

പത്രത്തിന്‍റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സർക്കാർ അന്വേഷണം.  അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചെന്ന് സർക്കാർ അറിയിച്ചു. 

ഭോപ്പാല്‍: നാഷണല്‍ ഹെരാള്‍ഡ് കേസില്‍ മധ്യപ്രദേശിലും അന്വേഷണം തുടങ്ങി. പത്രത്തിന്‍റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സർക്കാർ അന്വേഷണം.  അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചെന്ന് സർക്കാർ അറിയിച്ചു. 

നാഷണല്‍ ഹെരാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ പാർലമെന്‍റില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധം ഉണ്ടായിരുന്നു. നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും  രാഹുല്‍ഗാന്ധി  പ്രതികരിച്ചു. നാഷണല്‍ ഹെരാള്‍ഡ‍് ആസ്ഥാനത്ത് വ്യാഴാഴ്ചയും റെയ്ഡ് നടത്തിയ ഇഡി ഏഴ് മണിക്കൂറോളം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാ‍ർജ്ജുൻ ഖാര്‍ഗെയെ ചോദ്യം ചെയ്തിരുന്നു.

Read Also: യങ് ഇന്ത്യ ഓഫീസ് അടച്ചുപൂട്ടിയ നടപടി താത്കാലികമെന്ന് എൻഫോഴ്സ്മെന്റ്; പരിശോധന കഴിഞ്ഞ് തുറക്കും

നാഷണല്‍ ഹെരാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യൻ കമ്പനി ഓഫീസ് ഇ ഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. മുദ്രാവാക്യം വിളികളുമായി  ബഹളം തുടർന്ന സാഹചര്യത്തില്‍ ലോകസഭയും രാജ്യസഭയും ആദ്യം രണ്ട് മണി വരെ നിര്‍ത്തിവെച്ചു. പിന്നീട് ചേർന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭ അടുത്ത ദിവസത്തേക്ക് പിരിയുകയായിരുന്നു. നരേന്ദ്രമോദിയെ ഭയക്കുന്നില്ല. ഭീഷണിക്ക് വഴങ്ങില്ല. ചെയ്യാവുന്നതൊക്കെ ചെയ്യാം. എന്‍റെ കര്‍ത്തവ്യം രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുകയാണ് രാഹുല്‍ പറഞ്ഞു.

ഇതിനിടെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെയെ സമൻസ് അയച്ച് ഇഡി വിളിച്ച് വരുത്തിയത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്പോരിന് കാരണമായി. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത്  രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ അന്വേഷണ ഏജൻസികളുടെ നടപടിയില്‍ സർക്കാര്‍ ഇടപെടാറില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തിരിച്ചടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടരുതെന്നും നിയമം അനുസരിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. നാഷണല്‍ ഹെരാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഖാർഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്. ഉച്ചക്ക് ആരംഭിച്ച റെയ്ഡും ഖാര്‍ഗെയുടെ ചോദ്യം ചെയ്യലും ഏഴ് മണിക്കൂറോളം നീണ്ട് നിന്നു. 

Read More : നെഹ്റുവില്‍ തുടങ്ങി രാഹുല്‍ വരെ! നാഷണല്‍ ഹെരാള്‍ഡ് എന്താണ്, എന്തിനാണ് കേസ്; അറിയാം വിശദമായി

click me!