ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജഡ്ജിമാര്‍

By Web TeamFirst Published May 5, 2019, 10:21 AM IST
Highlights

ഏകപക്ഷീയമായ അന്വേഷണം സുപ്രീംകോടതിയുടെ പേര് കളങ്കപ്പെടുത്തുമെന്ന് ജഡ്ജിമാർ അഭിപ്രായപ്പെട്ടു

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ കേസിൽ പുതിയ നിലപാടുമായി ജഡ്ജിമാർ. സുപ്രീം കോടതി  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും പറഞ്ഞു. 

രണ്ട് ജഡ്ജിമാരും സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയിലെ ജഡ്ജിമാരെ നേരിൽ കണ്ടാണ് എതിർപ്പ് അറിയിച്ചത്. ഏകപക്ഷീയമായ അന്വേഷണം സുപ്രീംകോടതിയുടെ പേര് കളങ്കപ്പെടുത്തുമെന്ന് ജഡ്ജിമാർ അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുൻ കോടതി ജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‍ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് പരാതിക്കാരി ഹാജരായത്. എന്നാൽ പരാതിക്കാരിയുടെ അഭിഭാഷകനെ കോടതി മുറിയ്ക്കുള്ളിൽ അനുവദിച്ചിരുന്നില്ല. 

എന്നാൽ, ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന; തന്‍റെ ഭാഗം കേൾക്കാത്ത സമിതിയിൽ വിശ്വാസമില്ലെന്നും അതിനാൽ സമിതിക്ക് മുന്നിൽ ഹാജരാവില്ലെന്നും യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലെ രണ്ട് മുതി‍ർന്ന ജഡ്ജിമാ‍ർ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിയുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

click me!