
ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകിയാൽ നിർണ്ണായകമായ തെളിവുകൾ ലഭിക്കുമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സിബിഐയുടെ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത വെള്ളിയാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.
ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ല. പ്രതികൾക്കൊപ്പം ഇരുത്തി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ഐഎന്‍എക്സ് മീഡിയാ മേധാവി ഇന്ദ്രാണി മുഖർജി, കാർത്തി ചിദംബരം എന്നിവർക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. കേസിൽ നിർണായകമായ ചlല ഇമെയിൽ തെളിവുകൾ കൂടി കിട്ടിയിട്ടുണ്ട്. ഇതിന് മേൽ കൂടി ചോദ്യം ചെയ്യൽ തുടരണം. കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ കൂടി പരിശോധിച്ചു ചോദ്യം ചെയ്യണമെന്നും സിബിഐ വ്യക്തമാക്കി.
കേസിൽ പണം വന്ന വഴി, വിദേശ നിക്ഷേപം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. എന്നാൽ, എത്രമാത്രം വിദേശ നിക്ഷേപം വന്നിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തമായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതിന്റെ പ്രക്രിയയെക്കുറിച്ച് ഒരു ധനകാര്യ മന്ത്രിക്ക് അറിയുന്ന കാര്യം മാത്രമെ ചിദംബരം പറഞ്ഞിട്ടുള്ളുവെന്നും മേത്ത പറഞ്ഞു.
മുമ്പ് നാല് ദിവസം ചിദംബരത്തെ കസ്റ്റഡിയിൽ വിട്ടിട്ടും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ വാദിച്ചു. ഒരുഘട്ടത്തിൽ കോടതിയും ഈക്കാര്യം ഉന്നയിച്ചു. കസ്റ്റഡിയിൽ വച്ച് ചിദംബരത്തെ പീഡിപ്പിക്കുന്ന തരത്തിലുള്ള നിലപാടിലേക്കാണ് പോകുന്നത്. അതിനാൽ കസ്റ്റഡിയിൽ വിടരുതെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കപിൽ സിബലിന്റെ ആവശ്യം തള്ളിയാണ് കോടതി ചിദംബരത്തെ കസ്റ്റഡിയിൽ വിട്ടത്.
കേസ് ഡയറി എന്തുകൊണ്ടാണ് ഹാജരാക്കാത്തതെന്ന കോടതിയുടെ ചോദ്യത്തിന് പ്രിന്‍റര്‍ കേടായെന്ന് സിബിഐ മറുപടി നല്‍കി. പിന്നീട് ടൈപ്പ് ചെയ്യാത്ത രേഖകള്‍ ഹാജരാക്കി. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ചടിദംബരത്തിനെതിരെ സിബിഐയുടെ പക്കല്‍ തെളിവില്ലെന്നും ചിദംബരത്തിനായി കപില്‍ സിബല്‍ വാദിച്ചു
അതേസമയം, എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ കൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായില്ല. എന്‍ഫോഴ്സ്മെന്‍റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് ചിദംബരം മറുപടി സമര്‍പ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നത്. അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഹര്‍ജി പ്രസക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസില്‍ മുന്‍ കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയത്.
സിബിഐ അറസ്റ്റിനെതിരായ ഹര്‍ജി പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ വാദം കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചു. ജാമ്യം തേടി കീഴ് കോടതിയെ സമീപിക്കാന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് ചിദംബരത്തിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു. വിദേശ ബാങ്കില്‍ അക്കൗണ്ടുണ്ടെന്ന് തെളിയിച്ചാല്‍ ഹര്‍ജി തന്നെ പിന്‍വലിക്കാമെന്നും കപില്‍ സിബല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ വെല്ലുവിളിച്ചു. വിദേശ അക്കൗണ്ടും സ്വത്തുവകകളും ഉണ്ടെന്നതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam