2026-ലെ ഹെൻ‌ലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യയുടെ റാങ്ക് 75-ലേക്ക് മെച്ചപ്പെട്ടു. എന്നാൽ, ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 56 ആയി കുറഞ്ഞു.

ദില്ലി: ലോകരാജ്യങ്ങളുടെ പാസ്‌പോർട്ട് കരുത്ത് അളക്കുന്ന 2026-ലെ ഹെൻ‌ലി പാസ്‌പോർട്ട് സൂചിക പുറത്ത്. ഇന്ത്യയുടെ രാജ്യാന്തര തലത്തിലുള്ള പാസ്‌പോർട്ട് കരുത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. 2025ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 75ൽ എത്തി. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് റാങ്കിംഗിൽ ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തിയെങ്കിലും വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുകയാണ്.

ഈ വർഷം ജനുവരിയിൽ 80-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഫെബ്രുവരി ആയപ്പോഴേക്കും 75-ലേക്ക് എത്തി നില മെച്ചപ്പെടുത്തി. അതേസമയം, 2025-ൽ ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാമായിരുന്നു. എന്നാൽ ഇപ്പോൾ അത് 56 ആയി കുറഞ്ഞു. എന്നിട്ടും റാങ്കിംഗിൽ ഇന്ത്യ മുന്നിലെത്തി. മറ്റു രാജ്യങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടത്. രണ്ട് രാജ്യങ്ങളാണ് ഇന്ത്യൻ യാത്രികർക്ക് 'ഫ്രീ എൻട്രി' നിഷേധിച്ചത്. ഇറാനും ബൊളീവിയയും ഇന്ത്യക്കാർക്കുള്ള സൗജന്യ വിസ റദ്ദാക്കി.

വ്യാജ തൊഴിൽ വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകളെയും സുരക്ഷാ പ്രശ്നങ്ങളെയും തുടർന്ന് 2025 നവംബറിൽ ഇറാൻ ഇന്ത്യക്കാർക്കുള്ള സൗജന്യ വിസ റദ്ദാക്കിയിരുന്നു. മുമ്പ് 'വിസ ഓൺ അറൈവൽ' നൽകിയിരുന്ന ബൊളീവിയ ഇപ്പോൾ 'ഇ-വിസ' നിർബന്ധമാക്കിയതോടെ സൗജന്യ വിസ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്താകുകയായിരുന്നു. അതേസമയം, 2026 ജനുവരിയിൽ 55 രാജ്യങ്ങളായി ചുരുങ്ങിയ പട്ടികയിലേക്ക് ഫെബ്രുവരിയിൽ ഗാംബിയ കൂടി ചേർന്നതോടെ ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം സാധ്യമാകുന്ന രാജ്യങ്ങളുടെ എണ്ണം 56 ആയി ഉയർന്നു.

ഹെൻ‌ലി പാസ്‌പോർട്ട് ഇൻഡക്‌സിലെ രാജ്യങ്ങളുടെ റാങ്കിം​ഗ്

ഒന്നാം സ്ഥാനം: സിംഗപ്പൂർ (192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം).

രണ്ടാം സ്ഥാനം: ജപ്പാൻ, ദക്ഷിണ കൊറിയ (187 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം).

ഏറ്റവും പിന്നിൽ: അഫ്ഗാനിസ്ഥാൻ (റാങ്ക് 101). വെറും 24 രാജ്യങ്ങളിലേക്ക് മാത്രമേ വിസയില്ലാതെ പോകാനാകൂ