മമതയെ കടത്തിവെട്ടി കേന്ദ്രം, ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർവീസിലേക്ക് സ്ഥലം മാറ്റി; വിട്ടു നൽകില്ലെന്ന് സർക്കാർ

By Web TeamFirst Published Dec 17, 2020, 7:01 PM IST
Highlights

കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് ഐപിഎസ് ഉദ്യോഗസ്ഥരെ വിട്ടു നൽകില്ലെന്ന് മമതാ സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്ഥലമാറ്റ ഉത്തരവ്.

ദില്ലി: കേന്ദ്രസർക്കാരും പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രസർവീസിലേക്ക് സ്ഥലം മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഉദ്യോഗസ്ഥരെ വിട്ടു നൽകില്ലെന്ന നിലപാടിൽ സംസ്ഥാനസർക്കാർ ഉറച്ചുനിൽക്കുന്നതിനിടെയാണ് കേന്ദ്രനീക്കം. 

കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് ഐപിഎസ് ഉദ്യോഗസ്ഥരെ വിട്ടു നൽകില്ലെന്ന് മമതാ സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്ഥലമാറ്റ ഉത്തരവ്. ഹാർബര്‍ എസ് പി ബോലാനാഥ് പാണ്ഡയെ ബ്യൂറോ ഓഫ് പൊലീസ് റിസർ‍ച്ചിലേക്കും  പ്രസിഡന്‍സ് റെയ്ഞ്ച് ഡിഐജി പ്രവീണ്‍ ത്രിപാഠിയെ ഐറ്റിബപി ഐജിയാക്കിയും, സൗത്ത് ബംഗാള്‍ എഡിജി  രാജീവ് മിശ്ര എസ്എസ്ബിലേക്കും സ്ഥലം മാറ്റിയാണ് ഉത്തരവ്.

ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന മൂവരെയും സുരക്ഷ വീഴ്ച്ച ആരോപിച്ചാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിച്ചത്. നീക്കം സംസ്ഥാന അധികാരത്തിന് മേലുള്ള കടന്നുക്കയറ്റമാണെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ഥലമാറ്റ ഉത്തരവ് വന്നതോടെ ഉദ്യോഗസ്ഥർക്ക്  ഇത് അനുസരിക്കേണ്ടിവരും.

ഇതിനിടെ എംഎൽഎ സ്ഥാനം രാജിവച്ചതിന് പിന്നാലെ സുവേന്ദു അധികാരി തൃണമൂൽ വിട്ടു. രാജിക്കത്ത് മമതാ ബാന‍ർജി അയച്ചു നൽകി. സുവേന്ദുവിന് പിന്നാലെ  അഞ്ചോളം നേതാക്കളും പാർട്ടി വിടാൻ ഒരുങ്ങുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ പങ്കെടുക്കുന്ന റാലിക്കിടെ ഇവർക്ക് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ

click me!