ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി ഇറാൻ

By Web TeamFirst Published Dec 8, 2022, 5:34 PM IST
Highlights

ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ  ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി ഇറാൻ. മുഹ്‌സിൻ ഷെകാരി എന്ന യുവാവിനെയാണ്,

ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ  ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി ഇറാൻ. മുഹ്‌സിൻ ഷെകാരി എന്ന യുവാവിനെയാണ്, ദൈവവിരോധം ആരോപിച്ച്, ഇറാൻ ഗവണ്മെന്റ് ഇന്നുരാവിലെ തൂക്കിലേറ്റിയത്. കലാപങ്ങൾക്കിടെ ടെഹ്റാനിലെ ഒരു പ്രധാനപാത ഉപരോധിച്ചതിനും, പാരാമിലിട്ടറി ഫോഴ്‌സിലെ സൈനികനെ കുത്തിപ്പരിക്കേൽപ്പിച്ചതിനുമാണ് സെപ്റ്റംബറിൽ മൊഹ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപ്പെടുത്തുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, സമൂഹ്യ ക്രമവും സുരക്ഷിതത്വവും തകർക്കുക തുടങ്ങിയ ലക്ഷ്യത്തോടെ യുദ്ധം ചെയ്യുകയും ആയുധം കൈവശം വയ്ക്കുകയും ചെയ്തുവെന്നായിരുന്നു  കോടതിയുടെ കണ്ടെത്തൽ. അതേസമയം  മനുഷ്യാവകാശ പ്രവർത്തകർ വിധിയെ അപലപിച്ചു.  മൊഹ്‌സിൻ ഷെകാരിയുടെ വധശിക്ഷ നടപ്പാക്കിയതിനെ ശക്തമായ പ്രതികരണങ്ങളോടെ നേരിടണം, അല്ലാത്തപക്ഷം പ്രതിഷേധക്കാരെ ദിവസേന വധിക്കേണ്ടിവരുമെന്ന് ഓസ്‌ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാൻ ഹ്യൂമൻ റൈറ്റ്‌സിന്റെ (ഐഎച്ച്ആർ) ഡയറക്ടർ മഹ്മൂദ് അമിരി മൊഗദ്ദാം പറഞ്ഞു.

മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹസ അമിനിയുടെ  മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രണ്ടുമാസത്തോളം നീണ്ടിരുന്നു. ഇതിന് പിന്നാലെ മതകാര്യ പൊലീസ് സംവിധാനം ഇറാൻ ഗവൺമെന്‍റ് പിരിച്ചുവിട്ടു. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആയിരുന്നു ഈ വിവരം പുറത്തുവിട്ടത്.  ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കഴിഞ്ഞ ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കുകയും ചെയ്തു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. സെപ്തംബര്‍ 13 നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയില്‍ എടുത്തത്. 

Read more:  ഇന്ത്യയിൽ നിന്നുള്ള തേയിലയുടെയും ബസ്മതി അരിയുടെയും ഇറക്കുമതിക്കരാര്‍ പുതുക്കാതെ ഇറാന്‍

അന്ന് മുതൽ ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്.  ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. 

റഷ്യക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ത്ഥിനികളും തെരുവിലിറങ്ങിയിരുന്നു. 

click me!