പ്രവാചക നിന്ദ : അപലപിച്ച് ഇറാഖും, ബിജെപി നേതാക്കളുടെ പ്രസ്താവന ഇന്ത്യയുടെ നിലപാടല്ലെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി

Published : Jun 07, 2022, 11:12 AM IST
പ്രവാചക നിന്ദ : അപലപിച്ച് ഇറാഖും, ബിജെപി നേതാക്കളുടെ പ്രസ്താവന ഇന്ത്യയുടെ നിലപാടല്ലെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി

Synopsis

മഹത്തായ പൈതൃകം ഉള്ള ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്ന് ഇന്ത്യൻ എംബസി, വിശദീകരണം ഇറാഖ് പാർലമെന്റ് നബിവിരുദ്ധ പരാമർശത്തെ അപലപിച്ചതിന് പിന്നാലെ

ബാഗ്‍ദാദ്:  ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമർശം ഇന്ത്യയുടെ നിലപാടായി കാണരുതെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി. മഹത്തായ പൈതൃകം ഉള്ള ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതായും എംബസി വ്യക്തമാക്കി. പ്രവാചക നിന്ദയെ അപലപിച്ച് ഇറാഖ് പാർലമെന്റ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയവർക്കെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചു. ഇന്ത്യ-ഇറാഖ് ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ഇത്തരം ഛിദ്രശക്തികൾക്കെതിരെ യോജിച്ച് പോരാടാൻ ഇന്ത്യയും ഇറാഖും പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 

നേരത്തെ ഒമാനും നബിവിരുദ്ധ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.  ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. എല്ലാ മതചിഹ്നങ്ങളെയും അവഹേളിക്കുന്നതിന് ഒമാന്‍ എതിരാണ്. ഇത്തരം അഭിപ്രായങ്ങളും സംഭവങ്ങളും വിവിധ മതങ്ങളില്‍പ്പെട്ടവര്‍ക്കിടയില്‍ ജനരോഷം മാത്രമാണ് ഉണ്ടാക്കുക. അപമാനകരമായ പരാമര്‍ശം നടത്തിയ വക്താവിനെ സസ്‍പെന്റ് ചെയ‍്‍ത നടപടിയെ ഒമാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഒമാന്‍ ബഹുമാനിക്കുന്നുവെന്നും ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി പറഞ്ഞു.

സംഭവത്തില്‍ നേരത്തെ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലിയും പ്രതികരണം നടത്തിയിരുന്നു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പത്‌നിക്കുമെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം ലോകത്തുള്ള ഓരോ മുസ്ലിങ്ങള്‍ക്കുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാന്‍ ലോക മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഖത്തർ

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങളും തടയാണമെന്നും നടപടിയുണ്ടാകണമെന്നും യുഎഇ ആവശ്യപ്പെട്ടു.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കിയാല്‍ മാത്രം പ്രതിഷേധം അവസാനിക്കില്ല. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുവൈത്തും ഖത്തറും. ആഗോള തലത്തിലുള്ള ലക്ഷക്കണക്കിന് വരുന്ന ഇസ്ലാം വിശ്വാസികളില്‍ പരാമാര്‍ശം വേദനയുണ്ടാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി ക്ഷണാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി. വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 

പ്രവാചക നിന്ദ: ഇന്ത്യന്‍ അംബാസഡറോട് പ്രതിഷേധം അറിയിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം

ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങൾ തടയാനും നടപടിയുണ്ടാകണമെന്നും യുഎഇ പ്രതിഷേധ കുറിപ്പില്‍ വ്യക്തമാക്കി. കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു. അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദ്ദാന്‍, ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതല്‍ രാജ്യങ്ങള്‍ പ്രവാചക നിന്ദയിൽ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Read also: പ്രവാചക നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെട്ടേക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം