Covid 19 : കൊവിഡിൽ നേരിയ ആശ്വാസം; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിൽ താഴെ

By Web TeamFirst Published Jun 7, 2022, 9:33 AM IST
Highlights

24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,714 പേർക്ക്; 7 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,714 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആർ. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിൽ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. ദില്ലി, മഹാരാഷ്ട്ര, ഹരിയാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയിരുന്നു. നേരത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം ഉയർന്ന് തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിന് പുറമേ, കർണാടകത്തിലും തമിഴ‍്‍നാട്ടിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. 

പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു. 

അതേസമയം സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ വ‍ര്‍ധന തുടരുകയാണ്. ഇന്നലെ 1,494 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ എറണാകുളത്താണ് കൂടുതൽ കേസുകൾ. 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 230 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. 

തമിഴ‍്‍നാട്ടിൽ ഇന്നലെ12 പേർക്ക് കൂടി കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ഒമിക്രോൺ ബിഎ 4 നാലുപേർക്കും ബിഎ 5 എട്ടുപേർക്കുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21നും 26നും ഇടയിൽ ശേഖരിച്ച സാംപിളുകളിലാണ് പുതിയ ഉപ വകഭേദങ്ങൾ കണ്ടെത്തിയത്. കൂടുതൽ പേർക്ക് ബാധിച്ചിരിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

click me!