സി.ജെ. റോയിയുടെ മരണത്തിന് കാരണം 'നികുതി ഭീകരത'യോ...; വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു ബിസിനസ് പ്രമുഖന്‍റെ മരണം

Published : Jan 30, 2026, 06:44 PM IST
CJ Roy

Synopsis

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കിയത്.

ബെം​ഗളൂരു: സി.ജെ. റോയിയുടെ ആത്മഹത്യക്ക് പിന്നാലെ, രാജ്യത്തെ ആദായ നികുതി വകുപ്പ് വീണ്ടും ആരോപണ മുനയിൽ. ആറ് വർഷത്തിനിടെ രണ്ടാമത്തെ ബിസിനസ് ഭീമനാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്യുന്നത്. 2019ൽ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ ആത്മഹത്യ വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പിൽ ആദായനികുതി വകുപ്പിന്റെ പീഡനവും മറ്റ് ബാഹ്യ സമ്മർദ്ദങ്ങളുമാണ് തന്നെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും അയച്ച കത്തിൽ കർണാടക, ഗോവ റേഞ്ച് ഇൻകം ടാക്സ്, മുൻ ഡയറക്ടർ ജനറൽ-ഇൻവെസ്റ്റിഗേഷൻസ് ആയിരുന്ന ബി.ആർ. ബാലകൃഷ്ണന്റെ പേര് അദ്ദേഹം പരാമർശിച്ചു. ആരോപണത്തെക്കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഇപ്പോൾ അന്വേഷണവും നടത്തി. അന്നത്തെ പ്രതിപക്ഷം ആദായനികുതി വകുപ്പിനെതിരെ രം​ഗത്തെത്തുകയും ചെയ്തു.

ആ സംഭവത്തിന് വെറും ആറ് വർഷം പിന്നിടുമ്പോഴാണ് മറ്റൊരു ബിസിനസ് പ്രമുഖന്റെ മരണം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.

പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.

ഇൻകം ടാക്സിൽ നിന്ന് ധാരാളം പീഡനങ്ങൾ ഉണ്ടായതായി വി.ജി. സിദ്ധാർത്ഥ ആരോപിച്ചിരുന്നു. പുതുക്കിയ റിട്ടേണുകൾ ഞങ്ങൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും വളരെ അന്യായമായിരുന്നു. കടുത്ത നികുതി പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയയിൽ 'നികുതി ഭീകരത' എന്നാണ് ആദായ നികുതി വകുപ്പിന്റെ നടപടികളെ വിശേഷിപ്പിച്ചത്. എന്നാൽ, ജൂലൈ 30-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആദായനികുതി വകുപ്പ് എല്ലാ ആരോപണങ്ങളും നിരസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിഷ്യൂ പേപ്പറിൽ ഹൈജാക്ക് ഭീഷണി, കുവൈറ്റ്- ദില്ലി ഇൻഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു
സുപ്ര‌ധാന നിരീക്ഷണവുമായി സുപ്രീംകോടതി; 'ആർത്തവകാല ആരോ​ഗ്യം പെൺകുട്ടികളുടെ അവകാശം, സ്കൂളുകളിൽ നാപ്കിനുകൾ സൗജന്യമായി നൽകണം'