ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തെന്ന കേസിൽ ഒരു അമേരിക്കക്കാരനും ആറ് യുക്രൈൻ പൗരന്മാരും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായി. ദില്ലി, ലക്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകളുമായി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ
ദില്ലി: ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ച് ആറ് യുക്രൈൻ പൗരന്മാരെയും ഒരു അമേരിക്കൻ പൗരനെയും ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ ) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ദില്ലി, ലക്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നിന്നാണ് ഏഴ് പേരും എൻ ഐ എയുടെ പിടിയിലായത്. അറസ്റ്റിലായ അമേരിക്കൻ പൗരനെ കൊൽക്കത്ത വിമാനത്താവളത്തിൽനിന്നും മറ്റ് പ്രതികളിൽ മൂന്നുപേരെ ലക്‌നൗവിൽ നിന്നും മൂന്നുപേരെ ദില്ലിയിൽ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകളുമായി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
കോടതിയിൽ ഹാജരാക്കി, കസ്റ്റഡിയിൽ വാങ്ങി
അമേരിക്കൻ - യുക്രൈൻ പൗരന്മാരുടെ അറസ്റ്റിന് കാരണം വിഘടനവാദി സംഘടനകൾക്ക് പരിശീലനം നൽകിയെന്നതാണെന്ന് എൻ ഐ എ, ദില്ലി കോടതിയെ അറിയിക്കുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം നടത്താനും ആയുധ പരിശീലനമടക്കം നൽകി. മ്യാന്മാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനകൾക്കാണ് ഇവർ സഹായം നൽകിയത്. അറസ്റ്റിലായ അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക് വിഘടനവാദി സംഘടനകളും ആയി പരിശീലനത്തിന് സഹകരിച്ചെന്ന് കണ്ടെത്തിയതായും എൻ ഐ എ വിവരിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന രീതിയിൽ ഇവർ പ്രവർത്തനം നടത്തി എന്നും എൻ ഐ എ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ ഏഴു പ്രതികളെയും 11 ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു.
