
ബെംഗളൂരു: ജഗദീഷ് ഷെട്ടറിനെ എംഎൽസി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാനാർഥിയായാണ് ഷെട്ടർ മത്സരിക്കുക. 2028 വരെ ഷെട്ടറിന് എംഎൽസിയായി തുടരാം. എംഎൽസി സ്ഥാനം ലഭിച്ചാൽ മന്ത്രിയാകുന്നതിന് തടസ്സമില്ല. അഞ്ച് കൊല്ലത്തിനുള്ളിൽ ഷെട്ടറിന് മന്ത്രിപദവി നൽകിയേക്കും.
ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഗദീഷ് ഷെട്ടർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. ബിജെപിയിൽ നിന്ന് ഷെട്ടറിനെ പാളയത്തിലെത്തിക്കുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു കോൺഗ്രസിന്. അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടാറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നടത്തിയത്. എന്നാൽ ജഗദീഷ് ഷെട്ടർ പരാജയപ്പെടുകയായിരുന്നു.
കർണാടക തെരഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ ഹുങ്കിനുള്ള മറുപടി, രാജ്യത്തിന്റെ മുന്നോട്ടുപോക്കിനുള്ള സൂചന
ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടർ പാർട്ടിയിൽ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയതോടെയാണ് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തിയത്. തുടർന്ന് ദില്ലിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. കോൺഗ്രസ് പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക് പിന്നാലെ ലക്ഷ്മൺ സാവഡിയും ഷെട്ടറും ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറുകയും മത്സരിക്കുകയുമായിരുന്നു.