
ദില്ലി: ഇന്നലെ പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടെന്ന് ദില്ലി പൊലീസ്. പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്ഫോടനങ്ങൾ സംഘം നടത്തി. പാക് ചാരസംഘടനയുടെ സഹായം ഭീകരർക്ക് കിട്ടിയെന്നും പൊലീസ് പറയുന്നു.
മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും ഷാനവാസ് ലക്ഷ്യമിട്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇവരുടെ യാത്രാ വഴികളിൽ ഐഇഡി സ്ഫോടനമായിരുന്നു ലക്ഷ്യം. ദില്ലി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാർത്ഥം സ്ഫോടനങ്ങൾ നടത്തി. പാക് ഐഎസ്ഐയുടെ സഹായത്തോടെ ദില്ലിയിൽ സ്ഫോടന പരമ്പരകൾക്കും പദ്ധതിയിട്ടു. എന്നിട്ട് അഫ്ഗാനിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറയുന്നു.
ഷാനവാസടക്കം മൂന്നു പേരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. കോടതി ആറ് ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ വിട്ടത്. പഠനകാലത്ത് ഇവർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായെന്നാണ് പൊലീസ് പറയുന്നത്. ജയ്പൂരിൽ നിന്നാണ് ഷാനവാസും സംഘവും പിടിയിലായത്. ഇയാള്‍ കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ഇന്നലെ പറഞ്ഞു. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷ്യൽ സെൽ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ മൂന്ന് പേരും ബിടെക്ക് ബിരുദധാരികളാണ്.
ഷാനവാസിനൊപ്പം അറസ്റ്റിലായ മറ്റു രണ്ടു പേരും ഐഎസ് സ്ലീപർ സെലിൽ പെട്ടവരാണ്. മുഹമ്മദ് വാസി, മുഹമ്മദ് റിസ്വാൻ എന്നിവരാണ് വടക്കേന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഷാനവാസിന് ഒപ്പം നിന്നത്. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് സംഘങ്ങളെ രൂപീകരിക്കാനും ഇവർ ശ്രമങ്ങൾ നടത്തിയിരുന്നു. വനമേഖലകൾ, ആളൊഴിഞ്ഞ കൃഷി ഭൂമി, എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഈഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി. മൈനിംഗ് ഏഞ്ചീനിയിറിംഗിൽ ബിടെക്ക് നേടിയ ഷാനവാസ് ബോംബ് നിർമാണത്തിനും പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam